anayadiyanparutha
കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവിലെ ആനയടിയൻപരുത

വടക്കഞ്ചേരി: ചരിത്ര സ്മാരകങ്ങളായ ശിലായുഗ നിർമ്മിതികളും ആരാധനാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ആനയടിയൻപരുതയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ റീസർവ്വേ ഡെപ്യൂട്ടി സൂപ്രണ്ടിന് ചുമതല നൽകി ഹൈക്കോടതി. സ്വകാര്യ വ്യക്തികൾ അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ആലത്തൂർ, കിഴക്കഞ്ചേരി കൊന്നയ്ക്കൽകടവിലെ ആനയടിയൻപരുതയെന്ന 6.93 ഹെക്ടർ സർക്കാർ ഭൂമി വാർത്തകളിൽ നിറഞ്ഞത്. പുഴയ്ക്കലിടം പ്രഭാകരൻ എന്നയാൾക്ക് ജന്മാവകാശമുള്ള ഭൂമിയാണിതെന്ന് അവകാശപ്പെട്ട് 2007ൽ മൂന്ന് തദ്ദേശവാസികളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ക്വാറി ഉടമകളായ മൂന്നുപേരുടെ പേരിലേക്ക് റി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വ്യാജരേഖകൾ ചമച്ച് സർക്കാർ ഭൂമി സ്വന്തമാക്കാൻ ശ്രമിക്കുന്നതായി കൊന്നയ്ക്കൽകടവ് ഫീനിക്ക്സ് ക്ലബ്ബ് പ്രവർത്തകർ രേഖകൾ സഹിതം പരാതി നൽകിയതിനെ തുടർന്ന് ഭൂമി പോക്കുവരവ് നടത്താനായില്ല. തുടർന്ന് 2017ൽ ക്വാറിക്കാർ തങ്ങളുടെ ഭൂമിയാണിതെന്നും സർക്കാർ ഭൂമിയാണെന്ന് റീസർവ്വേയിൽ തെറ്റായി രേഖപ്പെടുത്തിയതാണെന്നും വാദിച്ച് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. കേസിൽ ഫീനിക്സ് ക്ലബ്ബ് നൽകിയ വിവരങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിച്ചതുമില്ല. തെറ്റായി സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തിയതാണോ എന്ന് പരിശോധിക്കാനും അങ്ങിനെയെങ്കിൽ തെറ്റ് തിരുത്തി നൽകുവാനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് തുടർനടപടികൾ ആരംഭിച്ചപ്പോഴാണ് ഏകപക്ഷീയമായി ക്വാറിക്കാർക്ക് അനുകൂലമായി സർവ്വേ പുരോഗമിക്കുന്നതായി ക്ലബ് പ്രവർത്തകർ അറിഞ്ഞത്. തുടർന്ന് ക്ലബ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കഴിഞ്ഞ 27നാണ് ഹൈക്കോടതി റീസർവ്വേ ഡെപ്യൂട്ടി സൂപ്രണ്ടിന് ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ അധികാരം നൽകി കേസ് തീർപ്പാക്കിയത്. പരാതിക്കാർക്കും അപ്പീലുകാർക്കും തങ്ങളുടെ വാദം ഡെപ്യൂട്ടി സർവ്വേ സൂപ്രണ്ടിന് മുന്നിൽ സമർപ്പിക്കാൻ നാലാഴ്ച സമയവും നൽകി.

ആനയടിയൻപരുത കയ്യേറ്റത്തെക്കുറിച്ച് 2007 മുതൽ രേഖകൾ സഹിതം സർക്കാരിനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി സമർപ്പിച്ചതാണ്. നാളിതു വരെയായിട്ടും ഇവ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ കക്ഷിയായിട്ടുള്ള കേസിൽ എട്ട് വർഷം മൗനം അവലംബിച്ച സർക്കാർ ഡെപ്യൂട്ടി സർവ്വേ സൂപ്രണ്ട് ആവശ്യപ്പെട്ടാൽ നാലാഴ്ച്ചക്കുള്ളിൽ എന്ത് നൽകുമെന്ന ആശങ്ക ഞങ്ങൾക്കുണ്ട്.

എം.ഹരിദാസൻ, ഫീനിക്സ് ക്ലബ് മുൻ സെക്രട്ടറി