റാന്തലുകൾ വാങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞു.
നാലുമാസം കൂടി കഴിഞ്ഞാൽ ബാറ്ററി പരിചരണ കാലയളവ് അവസാനിക്കും.
ഉപയോഗിക്കാതെയിരുന്നാലും ബാറ്ററികൾ തകരാറിലാവാൻ സാദ്ധ്യത.
മുതലമട: പറമ്പിക്കുളം മേഖലയിലുൾപ്പെടെ ആദിവാസികൾക്ക വിതരണം ചെയ്യാനായി വാങ്ങിയ സൗരോർജ റാന്തൽ വിളക്കുകൾ പഞ്ചായത്തിൽ കിടന്നു നശിക്കുന്നു. നാനൂറിലേറെ സൗരോർജ റാന്തലുകളാണ് പഞ്ചായത്ത് കെട്ടിടത്തിൽ കെട്ടിക്കിടക്കുന്നത്. പഞ്ചായത്തിലെ 42 എ.സി കോളനികളിലും 47 എസ്.സി കോളനികളിലുമുള്ള ആദിവാസി ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ടതാണിവ. പറമ്പിക്കുളം, തേക്കടി, അല്ലി മൂപ്പൻ കോളനി എന്നിവിടങ്ങളിൽ വൈദ്യുതി എത്താത്തതിനാൽ ജനങ്ങൾക്ക് ആവശ്യമായ സൗരോർജ്ജ റാന്തലുകൾ നൽകുന്ന പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് 7 ലക്ഷം രൂപയാണ് ചെലവ്.
2023-24 വർഷംൽ സെക്രട്ടറി നിർവഹണം നടത്തിയ സൗരോർജ റാന്തൽ പദ്ധതിയുടെ സാധനസാമഗ്രികളാണ് ഉദ്ഘാടനം വിതരണവും ചെയ്യാൻ കഴിയാത്തതിനാൽ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്നത്. പറമ്പിക്കുളം മേഖലയിൽ വെച്ച് ഉദ്ഘാടനം നടത്താൻ നവംബറിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാസങ്ങൾ കെട്ടിക്കിടന്ന സൗരോർജ റാന്തലുകളുടെ പരിചരണ കാലയളവ് ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും. നിശ്ചിത കാലയളവിനുള്ളിൽ ഉപയോഗിച്ച് ബാറ്ററി ബാക്കപ്പുകൾ സ്ഥിരപ്പെടുത്തിയാൽ മാത്രമേ റാന്തലകളുടെ വാറണ്ടി പിരീഡിന് മൂല്യമുണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം റാന്തലുകൾ കേടുപാട് സംഭവിച്ചാൽ കമ്പനി ഉത്തരവാദിത്തമേൽക്കില്ല. ഇത് ആദിവാസികൾക്ക് തിരിച്ചടിയാകും.
ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സൗരോർജ റാന്തലകൾ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്നതിന് കാരണം അധികൃതരുടെ അനാസ്ഥയാണ്. സമയബന്ധിതമായി ഇവ വിതരണം ചെയ്താൽ മാത്രമേ അവയുടെ ഗുണം ലഭിക്കുകയുള്ളൂ.
മാരിയപ്പൻ നീളിപ്പാറ, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ്