accident

പാലക്കാട്: പരീക്ഷയെഴുതി സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്ര അവസാനയാത്രയാകുമെന്ന് അവർ കരുതിയിരുന്നില്ല. ഒരു നിമിഷംകൊണ്ടാണ് പനയമ്പാടം നാല് ജീവനുകളെടുത്ത കുരുതിക്കളമായത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, റിദ,മിത ആയിഷ എന്നിവർ.

ഇംഗ്ലീഷ് പരീക്ഷയായിരുന്നു ഇന്നലെ. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പരീക്ഷ മൂന്നേകാൽ വരെയുണ്ടായിരുന്നു. സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ എഴുതിയ പരീക്ഷയെ കുറിച്ചും അടുത്ത പരീക്ഷയെ കുറിച്ചുമൊക്കെ അവർ സംസാരിച്ചിട്ടുണ്ടാകണം.

നിയന്ത്രണംവിട്ട് തങ്ങൾക്ക് നേരെ പാഞ്ഞടുത്ത ലോറികണ്ട് അഞ്ചുപേരിൽ ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. എങ്കിലും തന്റെയൊപ്പം പരീക്ഷാവിശേഷങ്ങൾ പറഞ്ഞുനീങ്ങിയ കൂട്ടുകാരുടെ മുഖമോ അപകട ദൃശ്യമോ രക്ഷപ്പെട്ട കുട്ടിയ്‌ക്കിനി നോവോർമ്മയാണ്.

 ആദ്യം കേട്ടത് വലിയ ശബ്ദം

പനയമ്പാടത്ത് വൻ ശബദം കേട്ട് റോഡിലേക്ക് ഓടിക്കൂടിയവരെല്ലാം ആദ്യം കണ്ടത് പൊടിപടലമായിരുന്നു. പ്രദേശത്ത് മുമ്പ് പല അപകടങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമെന്ന് പ്രദേശവാസികൾ പറയുന്നു. സ്‌കൂൾ വിട്ടുവരുന്ന കുട്ടികളെ വിളിക്കാൻ എത്തിയവരായിരുന്നു പലരും. അപകട വിവരം അറിഞ്ഞ രക്ഷകർത്താക്കളിൽ പലരും സംഭവസ്ഥലത്തേക്ക് അതിവേഗമെത്തി. തങ്ങളുടെ കുട്ടികളാണോയെന്ന ആശങ്കയിലാണ് പലരും ഓടിയെത്തിയത്. ''ലോറിയുടെ ഡ്രൈവർ ചാടിയിറങ്ങി അപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാൾക്ക് കുഴപ്പമൊന്നുമില്ല. കുട്ടികളുടെ ചതഞ്ഞരഞ്ഞ ശരീരമാണ് കണ്ടത്'' – പ്രദേശവാസിയായ യുവാവ് പറഞ്ഞു.