accident
അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനികൾ

ഇരയായത് എട്ടാം ക്ലാസ് കുട്ടികൾ
ദുരന്തം പാലക്കാട് കരിമ്പയിൽ

മണ്ണാർക്കാട്: സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറി മറഞ്ഞ് നാലു ബാലികമാർ ചതഞ്ഞുമരിച്ചു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വന്ന ലോറിയാണ് പനയമ്പാടം വളവിൽ വച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്നു കുട്ടികൾ തൽക്ഷണം മരിച്ചു. ദാരുണമായി പരിക്കേറ്റ ഇർഫാനയുടെ ജീവൻ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് പൊലിഞ്ഞത്. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്നു അപകടസ്ഥലത്ത് മരിച്ച കുട്ടികൾ.

കാസർകോട് സ്വദേശിയായ ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വർഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും വില്ലനായെന്നാണ് പൊലീസിന്റെയും പ്രാഥമിക വിലയിരുത്തൽ.

വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യം പരിശോധിക്കും. അപകടത്തിൽ മരിച്ച നാലു വിദ്യാർത്ഥിനികളുടെയും മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പുലർച്ചെ അഞ്ചോടെ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. മതപരമായ ചടങ്ങുകൾക്കു ശേഷം പൊതുദർശനത്തിനു വയ്ക്കും. 10 മണിയോടെ തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കും.

 അപകട സാഹചര്യം?

ഹൈഡ്രോ പ്ലെയിനിംഗിന് സാദ്ധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോറിയിൽ അമിത ലോഡ് ഇല്ല. ബ്രേക്ക് സിസ്റ്റത്തിന് കുഴപ്പമില്ലെന്നും സംഭവസ്ഥലം പരിശോധിച്ച ആർ. ടി. ഒ പറഞ്ഞു. വാഹനത്തിന് കാലപ്പഴക്കമോ മറ്റു സാങ്കേതിക പിഴവോ കണ്ടെത്താനായില്ല. ടയറുകൾക്കും പ്രശ്നമില്ല. പനയമ്പാടം വളവിൽ അപകടം പതിവായതിനാൽ ഐ.ഐ.ടി പഠന റിപ്പോർട്ട് നേരത്തേ വാങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു.

 അപകട കാരണം

സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മറ്റൊരു ലോറി ഇടിച്ചു. ഇതോടെ സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബ്രേക്ക് ചവിട്ടി ലോറി നിറുത്താൻ ഡ്രൈവർ ശ്രമിച്ചതോടെ ലോറി തെന്നിമറിയുകയായിരുന്നുവെന്നുമാണ് ആർ. ടി. ഒയുടെനിഗമനം. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും അമിത വേഗത ഉൾപ്പെടെ അന്വേഷിക്കുമെന്നും എസ്.പി വിശ്വനാഥ് പറഞ്ഞു.