accident

പാലക്കാട്: ഒറ്റ ചങ്കായി കഴിഞ്ഞിരുന്ന അഞ്ചു കുരുന്നുകളിൽ നാലുപേർ കണ്ണീരോർമ്മയായി. കളിയും ചിരിയും ഇണക്കവും പിണക്കവും ഒരുമിച്ചു പങ്കിട്ടവർക്ക് തുപ്പനാട് ജുമാമസ്ജിദ് കബർസ്ഥാനിൽ അടുത്തടുത്തായി നിത്യനിദ്ര. ആയിഷയും റിദയും ഇർഫാനയും നിദയും ഇനി പ്രിയപ്പെട്ടവരുടെ തീരാനോവ്.

കൂട്ടുകാരെ യാത്രയാക്കാനെത്തിയ അജ്നയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. വീട്ടിലേക്ക് ഒരുമിച്ചു വരവേ മറിഞ്ഞ സിമന്റ് ലോറിക്കടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നല്ലോ അവൾ.

ഇന്നലെ രാവിലെ ആറേകാലോടെ പെൺകുട്ടികളുടെ വീടുകളിലും എട്ടോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും ഉറ്റവരും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. അവസാനമായി കാണാൻ നാടാകെ ഒഴുകിയെത്തി.

പൊതുദർശനത്തിന് വച്ച ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി. പിന്നീട് തുപ്പനാട് ജുമാ മസ്ജിദ് കബർസ്ഥാനിലേക്ക്. മതപരമായ ചടങ്ങുകൾക്ക് ശേഷം 11.20ഓടെ സംസ്കാര കർമ്മങ്ങൾ തുടങ്ങി. കണ്ണീരിൽ കുതിർന്ന മൂന്ന്പിടി മണ്ണ് വാരിയിട്ട് ഉറ്റവരും നാട്ടുകാരും കുരുന്നുകൾക്ക് നിത്യശാന്തി നേർന്നു.

എട്ടാം ക്ളാസ് ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ഒന്നിച്ചുമടങ്ങിയവരാണവർ. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ മനസുകൊണ്ട് തയ്യാറെടുത്തവർ. പക്ഷേ, നിയന്ത്രണം വിട്ടെത്തിയ ലോറിക്കടിയിൽ എല്ലാം ഞെരിഞ്ഞമർന്നു. അപകടസ്ഥലത്തു നിന്ന് 300 മീറ്റർ കൂടി പിന്നിട്ടിരുന്നെങ്കിൽ ഇവർ വീടുകളിൽ എത്തുമായിരുന്നു. അയൽപക്കക്കാരാണ്. മദ്രസ പഠനം മുതൽ തുടങ്ങിയതാണ് സൗഹൃദം.

പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം ഫാരിസ ദമ്പതികളുടെ മകളാണ് ഇർഫാന ഷെറിൻ. സഹോദരങ്ങൾ: സൽമാൻ ഫാരിസ്, സഫ്വാൻ, ഹിസ. പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ് - ജസീന ദമ്പതികളുടെ മകളാണ് റിദ ഫാത്തിമ്മ. സഹോദരങ്ങൾ റിയ, റിസ്വാൻ. കവുങ്ങേളിൽ വീട്ടിൽ അബ്ദുൽ സലീം - നബീസ ദമ്പതികളുടെ മകളാണ് നിദ ഫാത്തിമ്മ. സഹോദരൻ: നിയാസ്. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ - സജ്ന ദമ്പതികളുടെ മകളാണ് ആയിഷ. സഹോദരങ്ങൾ: ഷൗക്കിയ, ഫാത്തിമ, മുഹമ്മദ് യഹിയ.

മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, എം.എൽ.എമാരായ കെ.ശാന്തകുമാരി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.പി.സുമോദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.