 
ചെർപ്പുളശേരി: സന്തോഷ് ട്രോഫി ഫുട്‌ബാൾ മത്സരത്തിനിറങ്ങുന്ന തെലങ്കാനയ്ക്ക് എതിരാളികളുടെ മുന്നേറ്റം തടയാൻ അനങ്ങൻ മലപോലെ അനങ്ങനടിയുടെ ജാബിറുണ്ടാവും. സന്തോഷ് ട്രോഫിയിൽ അനങ്ങനടി പത്തംകുളം സ്വദേശി മുഹമ്മദ് ജാബിർ തെലങ്കാനയ്ക്കായി ബൂട്ടണിയും. ഹൈദരാബാദിൽ സൈനിക സേവനം നടത്തുന്ന കാരുകുളം വീട്ടിൽ മുഹമ്മദ് ജാബിറിന്റെ ആദ്യ സന്തോഷ് ട്രോഫി ടൂർണമെന്റാണിത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 22 അംഗ ടീമിൽ ഇടംപിടിച്ച 27 കാരൻ കന്നിമത്സരത്തിൽ ആദ്യ പതിനൊന്നിലെത്തി. പ്രതിരോധ നിരയിൽ മൂന്നാം നമ്പർ ജേഴ്സിയുമണിഞ്ഞ് ഇടത് വിംഗിൽ ഉണ്ടാമെന്നാണ് പ്രതീക്ഷ. ഇന്ന് രാജസ്ഥാനുമായാണ് തെലങ്കാനയുടെ ആദ്യ മത്സരം. മാസങ്ങൾ നീണ്ട പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷമാണ് ജാബിർ തെലങ്കാനയുടെ കുപ്പായമണിയുന്നത്.
കഴിഞ്ഞ തവണയും ക്യാമ്പിൽ പങ്കെടുത്തിരുന്നെങ്കിലും 22 അംഗ ടീമിൽ ഉൾപ്പെടാൻ സാധിച്ചില്ല. അന്ന് നഷ്ടമായ അവസരം ഇത്തവണ കഠിന പരിശീലനത്തിലൂടെ നേടിയെടുക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ ആർമി താരമാണ്. ജാബിർ പഠനകാലത്തു ജില്ല ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. തൃക്കടീരി പി.ടി.എം ഹയർസെക്കൻൻഡറി സ്‌കൂളിലെ പഠന കാലത്താണ് ഫുട്‌ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിച്ച് തുടങ്ങിയത്. തുടക്ക കാലത്ത് മുന്നേറ്റ നിരയിലായിരുന്നു കളിച്ചിരുന്നത്. സന്തോഷ് ട്രോഫി കേരള ടീമിന്റെ അസി. കോച്ച് ഹാരി ബെന്നിയാണ് പ്രതിരോധ നിരയിലെ പാടവം കണ്ടെത്തിയത്. ഹാരി ബെന്നി അന്ന് കോളേജ് ടീമിന്റെ പരിശീലകനായിരുന്നു. പാലക്കാടിനു വേണ്ടി അണ്ടർ 17 ടൂർണമെന്റിൽ ബൂട്ടണിഞ്ഞു. സ്‌പോർട്സ് കൗൺസിലിനു കീഴിൽ കോതമംഗലം എം.എ കോളജിൽ ബിരുദ പഠനത്തിനു പ്രവേശിച്ചതോടെ അണ്ടർ 20 ഇടുക്കി ജില്ല ടീമിലും അംഗമായി. ഇംഗ്ലീഷ് ബിരുദധാരിയായ ജാബിർ സർവകലാശാല മത്സരങ്ങളിലെ പേരെടുത്ത താരമായിരുന്നു. നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിലൂടെ പ്രതിഭ തെളിയിച്ച പ്രിയതാരത്തിന്റെ സ്വപ്നനേട്ട ത്തിൽ ഏറെ ആഹ്ലാദത്തിലാണ് രക്ഷിതാക്കളായ ബഷീറും ജമീലയും ഭാര്യ ഫാത്തിമത്തുൽ അൽമാസും കുടുംബവും നാട്ടുകാരും.