panayambadam-accident

കല്ലടിക്കോട്: 'ഞങ്ങൾ അഞ്ചുപേരും വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ കുറച്ച് പിറകിലായിരുന്നു. ലോറി തട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് വീണു. എന്നെ വന്നെടുത്തത് ഇർഫാനയുടെ ഉമ്മയാണ് - കൂട്ടുകാരികളായ നാലുപേർ നഷ്ടപ്പെട്ട് മരവിച്ച അവസ്ഥയിലാണ് അജ്ന സംഭവം വിശദീകരിച്ചത്. ഇടയ്ക്കിടയ്ക്ക് പൊട്ടിക്കരഞ്ഞു.

ഇർഫാന അപകടത്തിൽപ്പെടുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്ന ഉമ്മയെക്കുറിച്ചോർത്തും അജ്ന വിങ്ങിപ്പൊട്ടി. ദന്ത ഡോക്ടറെ കാണാനായെത്തിയ ഉമ്മ കുട്ടികൾ നടന്നുപോകുന്നത് കണ്ടിരുന്നു. ലോറി വന്നിടിച്ചതും അവർ ഓടിച്ചെന്ന് അജ്നയെ വാരിയെടുത്തു. ഓടിക്കൂടിയവരിലൊരാൾ അജ്നയോട് പേരും വിലാസവും ചോദിച്ച് വീട്ടുകാരെ വിവരമറിയിച്ചു. രക്ഷിതാക്കളെത്തി കൊണ്ടുപോകുകയായിരുന്നു.

കൂട്ടുകാരികളുടെ റൈറ്റിംഗ് പാഡും കുടയുമെല്ലാം അജ്നയുടെ ബാഗിലായിരുന്നു. തൊട്ടപ്പുറത്തെ കടയിൽനിന്ന് മിഠായിയും വാങ്ങിക്കഴിച്ചാണ് അവർ കളിചിരിയുമായി നടന്നുപോയത്.

ശരീരം ചിതറിപ്പോയ കുട്ടികളിൽ ഒരാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞത് കൈയിലെ വാച്ചുകണ്ടായിരുന്നു. മുമ്പ് മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്‌കൂളിലേക്ക് പോയിരുന്നത്. അടുത്തിടെയാണ് യാത്ര ദേശീയപാതയിലൂടെയാക്കിയത്. അത് മഹാദുരന്തത്തിലും കലാശിച്ചു.