panayambadam-accident

പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ പനയമ്പാടത്ത് വില്ലനാകുന്നത് 'റ" ആകൃതിയിലുള്ള കൊടുംവളവും കുത്തനെയുള്ള ഇറക്കവും. ദേശീയ പാതയിൽ പാലക്കാട് മുതൽ മണ്ണാർക്കാട് വരെമാത്രം ഏഴ് അപകടവളവുണ്ട്.

മുണ്ടൂർ ജംഗ്ഷനിലേക്ക് ദേശീയപാത എത്തുന്നത് കുത്തനെ ഇറക്കമുള്ള വളവോടെയാണ്. ഇവിടെ സിഗ്നലോ മുന്നറിയിപ്പ് ബോർഡുകളോ സ്പീഡ് ബ്രേക്കറോ ഇല്ല. മുണ്ടൂർ വേലിക്കാട് പാലത്തിന് സമീപവും കരിമ്പ പനയംപാടത്തും അപകടം തുടർക്കഥയാണ്.

മൂന്നു വർഷത്തിനിടെ പനയമ്പാടത്ത് പൊലിഞ്ഞത് 17 ജീവനുകളാണ്. അപകടം നിത്യസംഭവമായതോടെ,​ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ആറുമാസം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ദേശീയപാതാ വിഭാഗം നടപടിയെടുത്തില്ല. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം, ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നായിരുന്നു നിർദ്ദേശം. നേരത്തെ വളവിൽ വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാൻ റോഡ് പരുക്കനാക്കിയിരുന്നു. എന്നാൽ പിന്നീട് റോഡ് മിനുസമുള്ളതാക്കി. റോഡ് പരുക്കനാക്കണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിരുന്നു.

വേഗത കുറയ്ക്കാനും

നിർദ്ദേശം

 പനയമ്പാടത്ത് വാഹനങ്ങളുടെ വേഗത 70ൽ നിന്ന് 30 കിലോമീറ്ററാക്കി ചുരുക്കുക

 വാഹനവേഗം കുറയ്ക്കണമെന്ന് വ്യക്തമാക്കുന്ന സൂചനാബോർഡുകൾ സ്ഥാപിക്കണം

 വളവുകളിൽ വാഹനം വശംമാറുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകൾ സ്ഥാപിക്കണം

 റോഡും അരികിലെ മണ്ണും തമ്മിലെ ഉയരവ്യത്യാസം പരിഹരിക്കണം