 
നെന്മാറ: ടൗണിൽ കനറാബാങ്കിന് സമീപം സ്ഥിതിചെയ്യുന്ന മാർജിൻ മാർക്കറ്റ് കത്തി നശിച്ചു. ഇന്നലെ പുലർച്ച നാല് മണിക്കാണ് തീ പിടിത്തമുണ്ടായത്. കൊല്ലങ്കോട് അഗ്നിശമന സേനയും നെന്മാറ പൊലീസും സ്ഥലത്തെത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മുകളിലെ നിലയിലെ ബാങ്കിലും തൊട്ടത്തുള്ള കടകളിലും തീ പടരാതെ അണക്കാൻ കഴിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറുകൾ മുഴുവനായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ അറിയിച്ചു.