
മുതലമട: മാങ്കോ സിറ്റിയായ മുതലമടയിൽ തുടർച്ചയായി പെയ്യുന്ന മഴമൂലം ആശങ്കയിലായി കർഷകർ. മാവുകൾ പൂത്ത് ഉണ്ണിമാങ്ങ കായ്‌ക്കേണ്ട സമയത്തും പൂവുകൾ പോലും നിലനിർത്താനാവത്ത നിലയിലാണ്. മഴമൂലം പൂവുകൾ അഴുകി നശിച്ചുപോവുകയാണ്. ഈർപ്പം നിരന്തരമായി നിലനിൽക്കുന്ന പ്രദേശത്ത് കീടങ്ങളുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതാണ് മാമ്പൂക്കൾ കൊഴിഞ്ഞുപോകാനും അഴുകാനും കാരണം.
സെപ്തംബർ പകുതിയോടുകൂടി കർഷകർ മാങ്ങയ്ക്ക് കൊമ്പ് കോതുകയും തടമെടുക്കുകയും ചെയ്തു തുടങ്ങും. ആദ്യഘട്ട മരുന്ന് പ്രയോഗം എന്ന നിലയിൽ മണ്ണിനാണ് വളപ്രയോഗം നടത്തുക. തുടർന്ന് ഒക്ടോബർ അവസാനത്തോടെ മാവിൻ തോട്ടങ്ങളിൽ പൂക്കാലം തുടങ്ങുകയായി.
ഈ സീസണിൽ വളരെ പ്രതീക്ഷയിലായിരുന്നു കർഷകരും വിപണിയും മാമ്പഴക്കാല വരവേറ്റത്. മൂന്ന് വർഷങ്ങളായി മാംഗോ സിറ്റിക്ക് നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾഅഞ്ച് ശതമാനം മാങ്ങപോലും ലഭിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലും ഡൽഹി വിപണിയിലും ഉയർന്ന വില ലഭിക്കുന്ന സമയത്തെ ഉൽപാദനക്കുറവാണ് വൻനഷ്ടത്തിലേക്കു കർഷകരെയും വ്യാപാരികളെയും തള്ളിവിട്ടത്.
ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് 6000 ഹെക്ടറിൽ രണ്ടായിരത്തിലധികം മാങ്ങ കർഷകരാനുള്ളത്. ചെറുതും വലുതുമായ 250 സംഭരണ കേന്ദ്രങ്ങളും ഉണ്ട്. ഒരേക്കർ മാവിൻ തോട്ടം പാട്ടത്തിന് എടുക്കുന്നതിന് ചെലവ് 50000 ആണ്. ഒരുതവണ മരുന്നടിക്കാൻ പത്തായിരം രൂപയിൽ അധികമാണ് ചെലവ്. ഏക്കറിന് 3500 രൂപയാണ് വില ഇൻഷ്വറൻസ് ചെയ്യുന്നതിനായി ആവശ്യം. വൻകിട കർഷകർക്ക് മാത്രമേ വില ഇൻഷ്വറൻസ് മൂലം ഗുണമുള്ളൂ എന്നാണ് ഒരു ഭാഗം കർഷകർ പറയുന്നത്.
മൂന്ന് വർഷത്തെ നഷ്ട കണക്ക്
മൂന്നു തവണ മാവുകൾ പൂവിട്ടതു കൊഴിഞ്ഞു പോയ തോട്ടങ്ങളുണ്ട്. 1000 കോടിയുടെ വിറ്റുവരവുള്ള മുതലമടയിൽ കഴിഞ്ഞ തവണ സീസണിൽ വിളവു കുറഞ്ഞതോടെ മാംഗോ സിറ്റിക്കു നഷ്ടം 500 കോടിയലേറെയായിരുന്നു. മാങ്ങ ഉൽപാദനം 10 ശതമാനത്തിൽ താഴെ മാത്രമായി ഒതുങ്ങുകയും ചെയ്തു. ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിനടുത്തു മാത്രമാണു മാങ്ങയുള്ളത്. മുൻവർഷങ്ങളിൽ പ്രതിദിനം ശരാശരി 100-150 ടൺ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ 10 ടൺ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു.