tipu
നവീകരണം പൂർത്തിയായ മണ്ണാർക്കാട്ടെ ടിപ്പു സുൽത്താൻ റോഡ്‌

❑ നവീകരണം പൂർത്തിയായി

മണ്ണാർക്കാട്: ന്യൂ ജനറേഷന്റെ ഭാഷയിൽ പറഞ്ഞാൽ 'വേറെ ലെവലാ'ണ് ഇനി മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡ്. ഏറെക്കാലമായി നാട്ടുകാരുടെ ആവശ്യമായിരുന്ന മണ്ണാർക്കാട്-കോങ്ങാട് ടിപ്പുസുൽത്താൻ റോഡിലെ രണ്ടാംഘട്ട ടാറിംഗും പൂർത്തിയായി. വർഷങ്ങൾ നീണ്ടുനിന്ന യാത്രാക്ലേശം പരിഹരിക്കപ്പെട്ടതോടെ ഇതുവഴി വാഹനയാത്ര സുഗമമായി. മണ്ണാർക്കാട് മുതൽ പള്ളിക്കുറുപ്പുവരെ അവശേഷിച്ചിരുന്ന രണ്ടാംഘട്ട ടാറിംഗ് ആണ് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി)
പൂർത്തിയാക്കിയത്. കുണ്ടും കുഴികളും നിറഞ്ഞുകിടന്ന റോഡ് ഇപ്പോൾ നിലവാരമുള്ള റോഡായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിനും മുണ്ടൂരിനും ഇടയിൽ ഗതാഗതതടസം നേരിട്ടാൽ വലിയ വാഹനങ്ങളുൾപ്പടെ സഞ്ചരിക്കാനുള്ള ബദൽമാർഗം കൂടിയാണ് ഈ റോഡ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ 2021ലാണ് കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിൽ റോഡ് വീതി കൂട്ടി നവീകരണം തുടങ്ങിയത്. 17 കിലോമീറ്ററാണ് ആകെ ദൂരം. 11 മീറ്റർ വീതിയുള്ള റോഡിൽ ഏഴ് മീറ്ററിലാണ് ടാറിംഗുള്ളത്. 60 കലുങ്കുകൾ നിർമ്മിച്ചിട്ടുണ്ട്. കുറച്ച് ദൂരം മാത്രമാണ് അഴുക്കുചാലുകളില്ലാത്തത്.

തടസമായത് ഫണ്ട് ലഭ്യത

ഒന്നരവർഷത്തിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കാൻ മൂന്നരവർഷത്തിലധികം സമയമെടുത്തു. ഫണ്ടിന്റെ ലഭ്യതയുൾപ്പെടെയുള്ള തടസങ്ങളാണ് കാരണമായത്. മാസങ്ങളുടെ ഇടവേളയിലാണ് ടാറിംഗ് നടന്നത്. കൊട്ടശ്ശേരി മുതൽ പള്ളിക്കുറുപ്പ് വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ആദ്യം രണ്ട് പാളി ടാറിംഗ് പൂർത്തിയാക്കിയത്. ആഗസ്റ്റിൽ മണ്ണാർക്കാട് ഭാഗത്തും പ്രവൃത്തികൾ തുടങ്ങി. ഒന്നാംഘട്ട ടാറിംഗ് വേഗത്തിൽ നടത്തി. റോഡ് നവീകരണത്തിനായി 53.6 കോടിരൂപയാണ് കിഫ്ബി ആദ്യം അനുവദിച്ചത്. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിൽ സമർപ്പിച്ച 61 കോടിരൂപയുടെ പുതുക്കിയ അടങ്കലിന് കിഫ്ബി അംഗീകാരം നൽകാത്തതിനാൽ രണ്ടാം ഘട്ടം വൈകി. അംഗീകാരം ലഭ്യമായ മുറയ്ക്കാണ് കരാറുകാരൻ പള്ളിക്കുറുപ്പ് മുതൽ മണ്ണാർക്കാടുവരെ നാല് കിലോമീറ്ററിൽ രണ്ടാംഘട്ട ടാറിംഗ് കഴിഞ്ഞ ദിവസത്തോടെ പൂർത്തിയാക്കിയത്.