
അലനല്ലൂർ: മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നൂറുകണക്കിന് കർഷകർ. കഴിഞ്ഞ ദിവസം ചളവ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടം പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ചളവ താണിക്കുന്നിലെ കൃഷ്ണന്റെ കായ്ഫലമുള്ള എഴ് തെങ്ങുകൾ, 200 കുലച്ച വാഴകൾ, പിലാച്ചോലയിലെ തോട്ടുങ്ങൽ മുജീബിന്റെ രണ്ട് വർഷമായ 55 റബർ മരങ്ങൾ, പാലൊളിപറമ്പിലെ തേക്കിൻകാട് ദിവാകരന്റെ 25 വാഴകൾ എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ഒരാഴ്ചത്തോളമായി കാട്ടാനകൾ പറയമാട് സർക്കാർ വനത്തിൽ തമ്പടിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പും പ്രദേശത്ത് ആനകൾ കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ നശിപ്പിച്ചതിനേക്കാൾ പതിന്മടങ്ങാണ് ഇപ്പോൾ നശിപ്പിച്ചതെന്ന് കർഷകർ പറയുന്നു. ആനകൾ തമ്പടിച്ച് കൃഷി നശിപ്പിക്കുന്ന വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് എത്തി ആനകളെ ഉൾവനങ്ങളിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതിൽ പ്രതിഷേധത്തിലാണ് കർഷകർ. നാശ നഷ്ടത്തിനുള്ള അപേക്ഷ നൽകാനുള്ള അറിയിപ്പ് മാത്രമാണ് ഉദ്യോഗസ്ഥർ കർഷകരോട് പറഞ്ഞത്. നശിപ്പിക്കപ്പെട്ട കൃഷിക്കുള്ള നഷ്ടപരിഹാര തുക വളരെ കുറച്ചാണ് കിട്ടുന്നതെന്നും തുക വർദ്ധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് കർഷകർ കൃഷി ഇറക്കുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ ദുരിതത്തിൽ ആയിരിക്കുകയാണിവർ.