k

 ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധിച്ചു

പാലക്കാട്: നാലു വിദ്യാർത്ഥിനികളുടെ ജീവനെടുത്ത പനയമ്പാടത്തെ അപകടസ്ഥലത്ത് അടിയന്തര പരിഷ്‌കരണം നിർദ്ദേശിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. റോഡിന്റെ നിർമ്മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് വീതികൂടുതലും മറുവശത്ത് കുറവുമാണ്. ഇത് പരിഹരിക്കാൻ റോഡിന് നടുവിലെ മാർക്ക് രണ്ട് മീറ്റർ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തരമായി ഡിവൈഡർ സ്ഥാപിക്കും. അപകടത്തിന് കാരണമാകുന്ന വലതുഭാഗത്തെ ഓട്ടോസ്റ്റാൻഡ് ഇടതു ഭാഗത്തേക്ക് മാറ്റാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പനയമ്പാടത്തെത്തിയ മന്ത്രി അപകടം നടന്ന പ്രദേശത്തെ റോഡിലൂടെ ഔദ്യോഗിക വാഹനം ഓടിച്ചുനോക്കി നിർമ്മാണ പ്രശ്നങ്ങൾ വിലയിരുത്തി. തുടർന്ന് മന്ത്രി സ്ഥലത്തെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കേട്ടു. അപകടസ്ഥലത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിട്ടി,​ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്,​ ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിട്ടിയുടെ കൺസ്ട്രക്ഷൻ അപാകത പരിഹരിക്കാനാണ് ചർച്ചയെന്നും ഗണേശ്കുമാർ പറഞ്ഞു.

വിദ്യാർത്ഥിനികളുടെ വീട് സന്ദർശിച്ചു

അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ധനസഹായം നൽകുന്നതിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമീപത്തെ കോൺഗ്രസ് സമരപ്പന്തലിലെത്തിയ ഗണേശ് കുമാർ അപകടം ഒഴിവാക്കാൻ റോഡിന്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ ഉറപ്പുനൽകി. മന്ത്രിയുടെ ഉറപ്പിൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ യൂത്ത് ലീഗ് കോഴിക്കോട്- പാലക്കാട് ദേശീയപാത ഉപരോധിച്ചിരുന്നു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്താണ് നീക്കിയത്. വൈകിട്ട് മൂന്നിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംയുക്ത സുരക്ഷാപരിശോധന പൂർത്തിയാക്കി.