 
മുതലമട: ആദിവാസി ജനസാന്ദ്രതയേറിയ മുതലമട പഞ്ചായത്തിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം. ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിരവധി ജനക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും പിന്നിൽ ഉദ്യോഗസ്ഥ ലോബികളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കൽപനാദേവിയും വൈസ് പ്രസിഡന്റ് എം.താജുദീനും ആരോപിച്ചു. പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ ഇന്ന് രാവിലെ 10.30 മുതൽ അനിശ്ചിതകാല രാപകൽ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും നൂറുകണക്കിന് ആദിവാസികളും സമരത്തിൽ പങ്കുചേരുമെന്ന് കൽപനാദേവി പറഞ്ഞു.
നടപ്പാക്കാതെ കോടികളുടെ ഫണ്ട്
ആദിവാസി ഫണ്ടുകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കാതെ കിടക്കുന്നത്. പദ്ധതികൾ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രധാന തടസം. 300 ദിവസമായി അസിസ്റ്റന്റ് സെക്രട്ടറി ഇല്ലാതായിട്ട്. ആദിവാസി ഫണ്ടുകൾ മുടങ്ങുന്നതും ജനക്ഷേമ പദ്ധതിയിൽ പാതിവഴിയിൽ നിലച്ചതും കേരളകൗമുദി വാർത്തയാക്കിയിരുന്നു. പഠനമുറി, കട്ടിൽ, സൗരോർജ റാന്തൽ, വനിതാ സംരംഭക പദ്ധതികൾ, ജനകീയ ഹോട്ടൽ, വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം, പ്ലാസ്റ്റിക് കവർ നിർമാർജ്ജനം, സാനിറ്ററി നാപ്ക്കിൻ ഡിസ്‌ട്രോയർ തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കാതെ കിടക്കുന്നത്. പൊതുജന സേവനത്തിനായിട്ടുള്ള നൂറുകണക്കിന് ഫയലുകളും തീർപ്പാക്കിയിട്ടില്ല. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ സ്വതന്ത്രരാണ് പഞ്ചായത്ത് ഭരിക്കുന്നത്. 20 അംഗങ്ങളിൽ ആറ് കോൺഗ്രസ്, മൂന്ന് ബി.ജെ.പി, മൂന്ന് സ്വതന്ത്രർ, എട്ട് സി.പി.എം എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതയും ഭരണ പ്രതിസന്ധിക്കുള്ള കാരണമാണെന്ന് ആരോപണമുണ്ട്.
യഥാർത്ഥ വികസന വിരോധികൾ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡന്റിന്റെ അറിവില്ലായ്മയാണ് പദ്ധതികൾ അവതാളത്തിൽ ആവാൻ കാരണം.
കെ.ബേബിസുധ, സി.പി.എം, പ്രതിപക്ഷ നേതാവ്
പഞ്ചായത്തിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്നതിൽ ഉദ്യോഗസ്ഥ ലോബികളാണ് കാരണം. ഇവർക്ക് ചില പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയുമുണ്ട്. പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ സമരം ചെയ്യും.
പി.കൽപനാദേവി, പഞ്ചായത്ത് പ്രസിഡന്റ്
അനൗദ്യോഗികമായി പഞ്ചായത്തിൽ യാതൊന്നും ചെയ്തിട്ടില്ല. ജനക്ഷേമ പദ്ധതികൾ, ഫണ്ട് വിനയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമപരമായി തന്നെ നടപ്പിലാക്കും.
മേരി ബിബിയാന, പഞ്ചായത്ത് സെക്രട്ടറി