 
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ അങ്കണവാടികളിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ് കല്ലും ഗോതമ്പ് തണ്ടും നിറഞ്ഞതെന്ന് പരാതി. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച ഗോതമ്പിലാണ് മാലിന്യം ഉള്ളത്. സപ്ലൈകോ വഴിയാണ് അങ്കണവാടികളിൽ ഗോതമ്പ് എത്തിക്കുന്നത്. വിതരണത്തിനെത്തിയ ഗോതമ്പിൽ മാലിന്യം ഉള്ളത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ ശാലിനി പറഞ്ഞു. ഉപയോഗ ശൂന്യമായ ഗോതമ്പ് തിരിച്ചെടുത്ത് ഗുണമേന്മയുള്ള ഗോതമ്പ് വിതരണം ചെയ്യണമെന്ന് കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ പറഞ്ഞു.