പാലക്കാട്: വാഴക്കർഷകർക്ക് ആശ്വാസമായി ജില്ലയിൽ നേന്ത്രക്കായ വില ഉയരുന്നു. കഴിഞ്ഞ മാസം വിപണിയിൽ 42 മുതൽ 50 രൂപവരെ ഉണ്ടായിരുന്ന നേന്ത്രക്കായ,​ ഉത്പാദനം കുറഞ്ഞതോടെ 65-70 രൂപയിലേക്കാണ് വില കുതിച്ചുയർന്നത്. ഓണക്കാലത്ത് ക്വിന്റലിന് 3000 രൂപ വരെയുണ്ടായിരുന്ന നേന്ത്രക്കായയുടെ വില മൂന്ന് മാസം കൊണ്ട് ഇരട്ടിയിലേറെയായി. നേന്ത്രപ്പഴത്തിനും വില കൂടിയിട്ടുണ്ട്. കിലോയ്ക്ക് 80 രൂപയാണ് ചില്ലറവില. കഴിഞ്ഞ വ‌ർഷം ഇതേ സമയത്ത് പാലക്കാട് കിലോയ്ക്ക് 20 രൂപയിൽ താഴെയായിരുന്നു നേന്ത്രക്കായ വില. ഇത്തവണ നേന്ത്രക്കായ് കിട്ടാനില്ലാത്തതാണ് വില കുത്തനെ ഉയരാൻ കാരണം. കൃഷി കുറ‌ഞ്ഞതും കാലവ‌ർഷത്തിലും വന്യജീവി ആക്രമണത്തിലുമായി ഏക്കർകണക്കിനു കൃഷി നശിച്ചതുമെല്ലാം വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഏറ്റവുമധികം നേന്ത്രവാഴ കൃഷി ചെയ്യുന്ന വയനാട്ടിൽ ഉൾപ്പെടെ ഉത്പാദനം കുത്തനെ കുറ‌ഞ്ഞു. തമിഴ്നാട്,​ കർണാടകം എന്നിവിടങ്ങളിലും നേന്ത്രവാഴക്കൃഷി ഇത്തവണ വളരെ കുറവാണ്. അതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇതിനിടെ ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ നേന്ത്രവാഴക്കൃഷി സജീവമാവുകയും ചെയ്തു. ഓണത്തിനും അതിനുമുൻപും വിളവെടുക്കുന്ന തരത്തിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. പാടത്തിനു പുറമേ പറമ്പുകളിലും വാഴക്കൃഷി ചെയ്യുന്നുണ്ട്. പല കർഷകരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.