ksrtc
സ‌‌‌ർവീസുകൾ വെട്ടിച്ചുരുക്കിയതോടെ വടക്കഞ്ചേരി ഡിപ്പോയിൽ നിറുത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ

 മംഗലം-ഗോവിന്ദാപുരം പാതയിൽ യാത്രാ ദുരിതം
 20 സർവീസ് ഉണ്ടായിരുന്നത് എട്ട് ആയി കുറഞ്ഞു

വടക്കഞ്ചേരി: സ്വകാര്യ ബസുകൾ ലാഭം കൊയ്യുന്ന റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും, നിറുത്തലാക്കിയും അധികൃതർ. വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള നാല് കെ.എസ്.ആർ.ടി.സി ബസുകളാണ് നിലവിൽ സർവീസ് വെട്ടിക്കുറച്ചത്. തുടക്കത്തിൽ 20 ബസുകൾ സ‌ർവീസ് നടത്തിയിരുന്ന മംഗലം-ഗോവിന്ദാപുരം റൂട്ടിൽ ഇപ്പോൾ ബസുകൾ വെട്ടിക്കുറച്ച് എട്ടെണ്ണമാക്കി. തൃശൂർ-ഗോവിന്ദാപുരം പാതയിൽ 70 ലധികം സ്വകാര്യ ബസുകളാണ് നിലവിൽ ലാഭകരമായി സർവീസ് നടത്തുന്നത്. അന്തർ സംസ്ഥാന പാതയായ ഈ റൂട്ടിൽ തൃശൂർ ഡിപ്പോയിൽ നിന്നുൾപ്പെടെ പൊള്ളാച്ചിയിലേക്കും പഴനിയിലേക്കും സർവീസ് നടത്തുന്നതിനിടെയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിറുത്തിയത്.
ദിവസവും രാവിലെ ഗോവിന്ദാപുരത്തേക്ക് സർവീസ് നടത്തിയിരുന്ന നാല് ബസുകൾ തിരിച്ച് തൃശൂരിലേക്ക് പോയതിനു ശേഷമുള്ള ഇടസമയത്തെ രണ്ടു സർവീസ് ആണ് നിലവിൽ റദ്ദ് ചെയ്തത്. ഇതോടെ പകൽ തൃശൂർ-ഗോവിന്ദാപുരം പാതയിൽ യാത്രാ ദുരിതം രൂക്ഷമായി. പരീക്ഷാക്കാലം ആയതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സ‌ർവീസ് വെട്ടിച്ചുരുക്കിയതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്.

വരുമാനം കുറവെന്ന് അധികൃതർ

മംഗലം-ഗോവിന്ദാപുരം പാതയിലെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് തുടക്കത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്നു. പലപ്പോഴായി സ്വകാര്യ ബസുകാരുടെ സമ്മർദത്തിന് വഴങ്ങിയും മറ്റുമുള്ള സമയക്രമീകരണത്തിലെ അപാകത മൂലം ചില സർവീസുകൾ നഷ്ടത്തിലേക്ക് നീങ്ങി. ഇതേ തുടർന്ന് തുടക്കത്തിൽ എട്ട് സർവീസുകൾ നിറുത്തലാക്കി സർവീസ്12 എണ്ണമാക്കി ചുരുക്കി. പിന്നീട് പലപ്പോഴായി നാല് സർവീസുകൾ കൂടി നിർത്തിയതോടെ ഈ റൂട്ടിൽ നിലവിൽ എട്ടു സർവീസുകൾ മാത്രമായി. ഇതിൽ നാല് ബസുകളുടെ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ വടക്കഞ്ചേരി ഡിപ്പോയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. എന്നാൽ വരുമാനം കുറഞ്ഞതിനാലാണ് സർവീസുകളുടെ എണ്ണം കുറച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.