പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം അധികൃതർ ദേശീയപാതയിൽ പരിശോധനകളും വേഗനിയന്ത്രണത്തിന് താത്കാലിക സംവിധാനങ്ങളും ഏർപ്പെടുത്തിയെങ്കിലും മനുഷ്യക്കുരുതിക്ക് കുറവൊന്നുമില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ മുതൽ ഒലവക്കോട് വരെയുള്ള ഭാഗങ്ങൾ, പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത, പാലക്കാട് പൊള്ളാച്ചി, ദേശീയപാത 544ൽ വാളയാർ മുതൽ മണ്ണുത്തി വരെയുള്ള ഭാഗങ്ങളിലും അപകടങ്ങൾ പതിവാണ്.
കഴിഞ്ഞ ശനിയാഴ്ച രണ്ടപകടങ്ങളാണുണ്ടായത്. വാളയാർ -മണ്ണുത്തി ദേശീയപാത മണലൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റു. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാത മനിശ്ശേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിൽ ആറോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കേരള പൊലീസിന്റെ വെബ്‌സൈറ്റിലെ കണക്കുപ്രകാരം ജില്ലയിൽ ജൂലായ് വരെ മാത്രം 181 ജീവനുകൾ പൊലിഞ്ഞു. 1796 അപകടങ്ങളിലായി 1943 പേർക്ക് പരിക്കേറ്റു.
വാളയാർ -മണ്ണൂത്തി ദേശീയപാതയിൽ പലയിടത്തും പാതയിലെ ഘർഷണം ഇല്ലാതായിട്ടുണ്ട്. അമിതഭാര വാഹനങ്ങൾ സഞ്ചരിച്ച് ചിലയിടത്ത് പാതയുടെ പ്രതലങ്ങളിൽ സമനിരപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. ദൂരെ നിന്ന് നോക്കിയാൽ ഇത് കാണാൻ കഴിയില്ല. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാതയിലെ ഉയർച്ചതാഴ്ചയിൽ പെട്ട് നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാവാറുണ്ട്. വാളയാർമണ്ണൂത്തി ദേശീയപാതയിൽ രണ്ടിടത്ത് ടോൾ നൽകിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. എന്നിട്ടും പാതകളുടെ പരിപാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നു.
 37 കാൽനടയാത്രികർക്ക് ജീവൻ നഷ്ടമായി
ദേശീയപാത 544ൽ വാളയാറിനും വാണിയമ്പാറയ്ക്കും ഇടയിൽ കാൽനടയാത്രികർ വാഹനമിടിച്ചു മരിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നു. 2023ൽ ദേശീയപാതയിലുണ്ടായ അപകടങ്ങളിൽ മരിച്ച 41 പേർ മരിച്ചു. ഇതിൽ 16 പേർ കാൽനടയാത്രികരാണ്.
ഈവർഷം നവംബർവരെയുണ്ടായ അപകടങ്ങളിൽ 46 പേർ മരിച്ചതിൽ 21 പേർ കാൽനടയാത്രികരാണ്. റോഡ് മുറിച്ചുകടക്കുന്നതിനിടെയും വാഹനങ്ങൾ, റോഡരികിലൂടെ നടന്നുപോകുന്നവരിലേക്ക് ഇടിച്ചുകയറിയുമാണ് അപകടമുണ്ടാകുന്നത്.കഴിഞ്ഞവർഷം ആകെ 292 അപകടങ്ങളാണ് ദേശീയപാതയിലുണ്ടായത്. ഈവർഷം നവംബർവരെ 227 അപകടങ്ങൾ ദേശീയപാതയിലുണ്ടായി.