ചിറ്റൂർ: ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പാലുൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ക്ഷീരകർഷകർക്കും പശുക്കൾക്കും ഉള്ള ഇൻഷ്വറൻസ് പദ്ധതികൾ വ്യാപകമാക്കുമെന്നും ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പ്ലാച്ചിമടയിലെ ഡോക്ടർ വർഗീസ് കുര്യൻ നഗറിൽ രണ്ടു ദിവസങ്ങളിലായി നടന്ന പാലക്കാട് ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കന്നുകാലി ഇൻഷ്വറൻസ് പദ്ധതിക്കായി 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പകുതി സബ്സിഡിയിൽ കന്നുകാലികൾക്കായുള്ള ഇൻഷ്വറൻസ് ലഭ്യമാക്കും. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കാരണം കേരളത്തിന്റെ പദ്ധതികൾ വെട്ടിക്കുറക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കന്നുകുട്ടി പരിപാലന പദ്ധതി തുക സംസ്ഥാനം വെട്ടി കുറയ്ക്കില്ല. ഈ വർഷം 22 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങൾ വഴി കൂടുതൽ തുക അനുവദിക്കാനാണ് ലക്ഷ്യം. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കാരണം സംസ്ഥാനം തനത് ഫണ്ട് ഉപയോഗിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥിതിയിലാണ്. ക്ഷീര ഗ്രാമം പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകും. പശു പരിപാലനത്തിന് ഫോൺകോളിലൂടെ ഡോക്ടർ വീട്ടിലെത്തുന്ന പദ്ധതി കൂടുതൽ വ്യാപകമാക്കും. വയനാട് പ്രളയദുരന്തത്തിൽ ബാധിക്കപ്പെട്ട ക്ഷീര കർഷകർക്കായി പാലക്കാട് ജില്ലയിലെ ക്ഷീര കർക്ഷകർ 753 ചാക്ക് കാലിത്തീറ്റ എത്തിച്ചത് മാതൃകാപരമായ നടപടിയാണ്. പാൽ ഉൽപാദനത്തിൽ മുൻപന്തിയിലാണ് പാലക്കാട് എങ്കിലും ഇനിയും ജില്ലയിലെ പാലുൽപാദനം വർദ്ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയെ ദോഷകരമായി ബാധിക്കുന്ന വിദേശ കരാറുകളെ കുറിച്ച് ക്ഷീര കർഷകർ ബോധവാന്മാരാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.