gramasabha
മുതലമടയിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയിൽ നിന്ന്

മുതലമട: പഞ്ചായത്തിലെ ഗ്രാമസഭകളിൽ പൊതുജന പങ്കാളിത്തം തീരെയില്ലെന്ന് വ്യാപക പരാതി. 20 വാർഡുള്ള പഞ്ചായത്തിൽ ഇതുവരെ 12ലധികം ഗ്രാമസഭകൾ നടന്നു. കാടൻകുറിശ്ശി, കാമ്പ്രത്ത് ചള്ള, കുറ്റിപ്പാടം, മാമ്പള്ളം, മല്ലംകുളമ്പ് പുതൂർ തുടങ്ങി പന്ത്രണ്ടോളം വാർഡുകളിലെ ഗ്രാമസഭയാണ് കഴിഞ്ഞത്. ഭൂരിഭാഗം ഗ്രാമസഭകളിലും മിനിമം ക്വാറമായ 10% പോലും ജനപങ്കാളിത്തം ഇല്ലെന്നാണ് യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ ആരോപണം. ഗ്രാമസഭയുടെ അറിയിപ്പ് നടത്തിയതിൽ ഗുരുതര പിഴവ് സംഭവിച്ചെന്നും ഇവർ പറയുന്നു. ഗ്രാമസഭ ചേരുന്ന സ്ഥലവും സമയവും നിശ്ചയിച്ചടച്ച നോട്ടീസ് വിതരണത്തിൽ വന്ന പിഴവാണ് ഗ്രാമസഭ നടത്തിപ്പ് പൊതുജനങ്ങളിലേക്ക് എത്താതിരിക്കാൻ പ്രധാന കാരണം. ഗ്രാമസഭ കഴിഞ്ഞശേഷമാണ് പലരും ഇതേക്കുറിച്ച് അറിയുന്നത്. വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ പക്ഷപാതപരമായ നടപടിയാണ് നോട്ടീസ് വിതരണത്തിൽ ഉണ്ടായതെന്നാണ് ആരോപണം. ക്വാറം തികയാതെ കൂടിയ ഗ്രാമസഭകളുടെ മിനിട്ട്സിൽ കൂടുതൽ ആളുകളുടെ പേരുകൾ എഴുതിച്ചേർത്ത് ക്വാറം തികച്ചതായും ആരോപണമുണ്ട്.

തടിതപ്പി ജനപ്രതിനിധികൾ

പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അഭാവം നടപ്പ് സാമ്പത്തിക വർഷത്തെ ഭൂരിഭാഗം പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഗ്രാമസഭ വിവാദവും ഉയർന്നത്. പദ്ധതി നടത്തിപ്പിൽ ഉണ്ടായ വീഴ്ചകൾ ഗ്രാമസഭയിലെ ജനപങ്കാളിത്തത്തെ പ്രതികൂലമായി ബാധിച്ചു. ഗ്രാമസഭകളിൽ ആവശ്യപ്പെടുന്ന പല വികസന പ്രവർത്തനങ്ങൾക്കും ഒഴിവുകൾ പറഞ്ഞ് തടി തപ്പുകയാണ് ജനപ്രതിനിധികൾ. ഗ്രാമസഭകളുടെ നടത്തിപ്പിൽ സുതാര്യത നഷ്ടപ്പെട്ടെന്നാരോപിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും.


ഗ്രാമസഭകളിൽ പൊതുവേ ജനപങ്കാളിത്തം കുറവാണ്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഗ്രാമസഭകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി തരാൻ സാധിക്കുന്നില്ല. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്.

ആർ.രാജേഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി


ജനങ്ങളുടെ ക്ഷേമവും പരാതിയും തിരിച്ചറിയാനുള്ള വേദിയാണ് ഗ്രാമസഭകൾ. ജനപ്രതിനിധികളും ജനങ്ങളുമായുള്ള സമ്പർക്കമില്ലായ്മയാണ് ഗ്രാമസഭകളിൽ ജനപങ്കാളിത്തം കുറയാനുള്ള പ്രധാനകാരണം.

എസ്.നിതിൻ ഘോഷ് സ്രാമ്പിച്ചള്ള, യുവജനതാദൾ എസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം.