 
ചിറ്റൂർ: കഴിഞ്ഞ ദിവസം രാത്രി വിളയോടിയിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വയലിലേക്കിറങ്ങി. കാറിൽ ഉണ്ടായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പരിക്കില്ലാതെ രക്ഷപെട്ടു. ചിറ്റൂരിൽ നിന്നും വിദ്യാർത്ഥികൾ തൊട്ടടുത്ത മെഡിക്കൽ കോളേജിലേക്ക് പോകുന്ന സമയത്താണ് അപകടം. റോഡരികിലെ പൊന്തകാടിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായി ചാടിയ കാട്ടുപന്നിയുടെ ഇടിയിൽ നിയന്ത്രണം വിട്ട കാർ വയലിൽ ഏതാനും മീറ്റർ മുന്നോട്ടു പോയി ചെളിയിൽ താഴ്ന്നു നിന്നതാണ് യാത്രക്കാർക്ക് രക്ഷയായത്. ഇടിയുടെ ആഘാതത്തിൽ ഭീമൻ പന്നി ചത്തു. സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോകുന്ന വിളയാേടി, വവ്വാക്കോട് ഭാഗങ്ങളിൽ റോഡിന് ഇരു വശത്തും കാട്ടുചെടികൾ വളർന്നു നിൽക്കുകയാണ്. തൊട്ടടുത്ത പുഴയോരങ്ങളും കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണ്. ഈ പ്രദേശങ്ങളിൽ ഇതിനു മുമ്പും പലതവണ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും കാരണം വാഹനാപകടങ്ങളൾ ഉണ്ടായിട്ടുണ്ട്. രാത്രികാലങ്ങളിൽ തെരുവു വിളക്കുകത്താത്തതും പ്രശ്നത്തിന് ആക്കം കൂട്ടുന്നുണ്ടെന്ന പരാതികളും ഉണ്ട്.