zeebra1
ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ റോഡ് മുറിഞ്ഞു കടക്കുന്ന മോയൻ സ്‌കൂളിലെ വിദ്യാർത്ഥികൾ.

പാലക്കാട്: നഗരത്തിലെ പ്രധാന റോഡുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞു പോയത് വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയായി. പാലക്കാട് ജില്ലാ ആശുപത്രി റോഡ്, സുൽത്താൻ പേട്ട് റോഡിലെയും പി.എം.ജി ഹയർ സെക്കൻഡറി സ്‌കൂൾ, മോയൻ മോഡൽ ഗേൾസ് സ്‌കൂൾ എന്നിവയ്ക്കു മുന്നിലുള്ള റോഡുകളിലെയും സീബ്രാ ലൈനുകളാണ് ഭാഗികമായി മാഞ്ഞു പോയിരിക്കുന്നത്. ചീറിപ്പാഞ്ഞു പോകുന്ന നൂറു കണക്കിന് വാഹനങ്ങൾക്കിടയിലൂടെ വളരെ സാഹസികമായാണ് ഇവിടങ്ങളിൽ വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുന്നത്. ദൂരെ നിന്ന് വരുന്ന വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കു സീബ്ര ലൈനുകൾ മനസ്സിലാവാത്ത തരത്തിലാണ് ചിലയിടങ്ങളിൽ ലൈനുകൾ മാഞ്ഞു പോയിരിക്കുന്നത്. സീബ്രാ ലൈൻ ഉണ്ടായിരുന്നപ്പോൾ തന്നെ വാഹനങ്ങൾ നിറുത്തുന്നത് കുറവായിരുന്നു. ഇപ്പോൾ അതിലും പ്രയാസമാണ് റോഡു മുറിച്ചു കടക്കാനെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകളും വൃദ്ധരുമടക്കം ധാരാളം ആളുകൾ ജീവൻ പണയം വെച്ചാണ് റോഡിനു മറുവശത്തേക്കെത്തുന്നത്.


 നോക്കുകുത്തിയായി ഓവർ ബ്രിഡ്ജുകൾ
വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുമ്പോഴുള്ള അപകടം തടയുന്നതിന് വേണ്ടിയാണ് സ്‌കൂളുകൾക്കു മുന്നിൽ ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നത്. എന്നാൽ അതുപയോഗിക്കാതെ റോഡിലൂടെയാണ് ഭൂരിഭാഗം വിദ്യാർത്ഥികളും റോഡുമുറിച്ചു കടക്കുന്നത്. ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ, മോയൻ മോഡൽ ഗേൾസ് സ്‌കൂൾ, വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലെ ഓവർ ബ്രിഡ്ജുകളാണ് വിദ്യാർത്ഥികൾ ഉപയോഗിക്കാത്തത്. മഞ്ഞക്കുളം റോഡ്, റോബിൻസൺ റോഡ്, മാർക്കറ്റ് റോഡ്, ടൗൺ റോഡ് എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന മിഷൻ സ്‌കൂളിന് മുന്നിലൂടെ കടന്നു പോകുന്നത്.

ഓവർ ബ്രിഡ്ജ് ഉണ്ടായിട്ടും വിദ്യാർത്ഥികൾ റോഡിലൂടെ കൂട്ടം കൂടിയും, പരന്നും നടക്കുന്നത് പലതവണ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇതിതേക്കുറിച്ച് കൃത്യമായ അവബോധം നൽകാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

പി.കെ.ദാസൻ,​ പാലക്കാട്