
ഡിസംബറിലെ മഞ്ഞും കുളിരും തേടി കരിമ്പനകളുടെ നാട്ടിലേക്ക് എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. അവധിക്കാലം മുന്നിൽക്കണ്ട് സഞ്ചാരികളെ വരവേൽക്കാനായി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ഏറെ പ്രത്യാശയോടെയാണ് ടൂറിസംമേഖല പുതുവർഷത്തെ കാത്തിരിക്കുന്നത്. 2024 വിടപറയുമ്പോൾ നല്ല നാളുകളെ വരവേൽക്കാനായി വാതിൽ തുറന്നിടുകയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ നെല്ലിയാമ്പതിയും പറമ്പിക്കുളവും സൈലന്റ് വാലിയും മലമ്പുഴയുമെല്ലാം....
മഴ കുറവാണെങ്കിലും മഴക്കാല ചാരുത മാഞ്ഞിട്ടില്ല നെല്ലിയാമ്പതിയിൽ. മൂടൽമഞ്ഞും കുളിരും സഞ്ചാരികളുടെ മനംകവരും. മഞ്ഞും തണുപ്പുമുള്ള ഡിസംബർ മതിയാവോളം ആസ്വദിക്കാൻ നെല്ലിയാമ്പതിചുരം കയറുകയാണ് സഞ്ചാരികൾ. അതിരാവിലെ നെല്ലിയാമ്പതിയിലെത്തി കാഴ്ചകൾ കണ്ട് വൈകീട്ടോടെ ചുരമിറങ്ങി മടങ്ങുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഇവിടെയാക്കാമെന്ന് ആഗ്രഹിച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല. നെല്ലിയാമ്പതിയിൽ വിവിധ ഭാഗങ്ങളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. പലകപ്പാണ്ടി, ആനമട, പുലയമ്പാറ, ചന്ദ്രാമല, നൂറടി, പാടഗിരി, പകുതിപ്പാലം തുടങ്ങിയ ഭാഗങ്ങളിലായി ചെറുതും വലുതുമായ 31 റിസോർട്ടുകളിലാണ് താമസസൗകര്യമുള്ളത്. ഇവിടങ്ങളിലായി ഏകദേശം 300 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള റിസോർട്ടിൽ ഏഴ് മുറികളാണുള്ളത്. പക്ഷേ, തോട്ടം മേഖലയോടു ചേർന്നുള്ള സ്വകാര്യ റിസോർട്ടുകളാണ് സഞ്ചാരികൾക്ക് പ്രിയം. ഇവയെല്ലാം ഡിസംബർ ആദ്യം തന്നെ ബുക്കിംഗ് പൂർത്തിയായതായി നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
വാരാന്ത്യത്തിൽ ആൾത്തിരക്ക്
അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ മാത്രം 1000 ത്തിലധികം സഞ്ചാരികളാണ് നെല്ലിയാമ്പതി ആസ്വദിക്കാനെത്തുന്നത്. സീതാർക്കുണ്ട്, സർക്കാർ ഓറഞ്ച് ഫാം, കേശവൻപാറ, കാരപ്പാറ തൂക്കുപാലം എന്നിവിടങ്ങൾ മതിവരുവോളം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങാറ്. കാരാശൂരി, മിന്നാംപാറ ഭാഗങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിംഗ് നടത്താമെങ്കിലും ഇവിടങ്ങളിൽ താമസ സൗകര്യത്തിന്റെ കുറവ് കാരണം സന്ദർശകർ അധികം എത്താറില്ലെന്ന് അധികൃതർ പറയുന്നു.
സർക്കാർ ഓറഞ്ച് ഫാമിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. സഞ്ചാരികൾ എത്തിയതോടെ കച്ചവടവും വർദ്ധിച്ചതായി ഫാം അധികൃതർ വ്യക്തമാക്കുന്നു. സ്‌ക്വാഷ് വിപണിയും സജീവമാണ്. ശനി, ഞായർ ദിവസങ്ങളിൽ മാത്രം കാൽലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട് ഇവിടെ. നെല്ലിയാമ്പതി ഉണർന്നതോടെ ടൂറിസ്റ്റ് ടാക്സി, റിസോർട്ട്, വ്യാപാരമേഖലകളും ചലിച്ചുതുടങ്ങി എന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം.
നടന്നുകാണാം
നാട്ടിൻപുറ കാഴ്ചകൾ
ക്രിസ്മസ് അവധിയും പുതുവർഷവും ആഘോഷിക്കാൻ നീണ്ട യാത്രയൊന്നു വേണ്ടെന്ന് പാലക്കാട്ടുകാർ പറയും. നാടിന്റെ ചുറ്റുവട്ടത്തുണ്ട് പ്രകൃതിരമണീയമായ കാഴ്ചകളും മനോഹര ഇടങ്ങളും. ഒന്നോ രണ്ടോ സ്ഥലങ്ങൾ കാണുന്നതിനും ഏതാനും മണിക്കൂറുകൾ ചെലവഴിക്കുന്നതിനും രണ്ടോ മൂന്നോ ദിവസത്തെ യാത്രയുടെ ആലസ്യമൊന്നും കൂടാതെ കാണാവുന്ന സ്ഥലങ്ങളാണ് വീഴുമലയും നിരങ്ങൻ പാറയും ചിതലി മലയും മാട്ടുമലയും ആലിങ്കൽ വെള്ളച്ചാട്ടവും പല്ലാവൂർ വാമലയും മംഗലംഡാമും ചൂലനൂർ മയിൽ സങ്കേതവുമൊക്കെ. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ഈ സ്ഥലങ്ങളെല്ലാം കണ്ടിട്ട്. യാത്രാ ക്ഷീണമൊന്നും കൂടാതെ വൈകീട്ട് വീടെത്താം. പാലക്കാടൻ നാടൻ വിഭവങ്ങളൊക്കെ രുചിക്കുകയുമാകാം.
നിരങ്ങൻ പാറ
മൂന്നേക്കറോളം വിശാലമായ നിരപ്പായ പാറയാണ് വെങ്ങന്നൂർ നിരങ്ങൻപാറ. ചൂലനൂർ മയിൽ സങ്കേതത്തിനും ചിതലി മലയപ്പൊതിക്കും ഇടയിൽ വരുന്ന വനപ്രദേശമാണ് ചുറ്റും. താഴ്വാരത്ത് ഗായത്രിപ്പുഴയുണ്ട്. ഉയരമുള്ള പാറപ്പുറത്തുനിന്നുള്ള ഉദയവും അസ്തമയവും മനോഹര കാഴ്ചയാണ്. പ്രഭാതനടത്തക്കാരിൽ പലരും ഉദയം കാണാൻ ഇവിടെ എത്താറുണ്ട്.
സൂര്യനമസ്‌കാരത്തിനും പറ്റിയ ഇടമാണ്. അസ്തമയം കാണാൻ കുടുംബമായി എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. സൂര്യൻ കടലിലേക്ക് താഴുന്നതുപോലെ മല മുകളിൽനിന്ന് ഭൂമിയിലേക്ക് താഴുന്നതുപോലെയാണ് ഇവിടുത്തെ സൂര്യാസ്തമയ കാഴ്ച. ആലത്തൂർ, എരിമയൂർ, പാലക്കാട് പട്ടണങ്ങളുടെ ഭാഗവും തൃശ്ശൂർ - പാലക്കാട് ദേശീയപാതയും മലമ്പുഴ അണക്കെട്ടിന്റെ ഭാഗവുമൊക്കെ ഇവിടെനിന്നുള്ള കാഴ്ചകളിൽ ഉൾപ്പെടും.
പല്ലാവൂർ വാമല
പാറപ്പുറത്തെ സുബ്രഹ്മണ്യ ക്ഷേത്രവും സമീപത്തെ അരളിമരവും മനോഹര ദൃശ്യമാണ്. ഹൃദയം സിനിമയിലൂടെ പ്രശസ്തമായ ഇടം. ക്ഷേത്രത്തിന് പിന്നാലെ വിശാലമായ പാറപ്പുറത്തു നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഗ്രാമകാഴ്ചകൾ മാത്രം. പല്ലാവൂർ ജംഗ്ഷനിൽ എത്തി ചിന്മയ സ്കൂളിലിന് സമീപത്തിലൂടെ ഇവിടേക്ക് എത്താം. അടിവാരത്ത് വാഹനം നിറുത്തി കല്ലിൽ വെട്ടിയ പടവുകളിലൂടെ നടന്നുകയറാം.
പുഷ്പ മേളയ്ക്കൊരുങ്ങി മലമ്പുഴ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) മലമ്പുഴ ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പമേളയ്ക്ക് അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ. ജനുവരി 16 മുതൽ 22 വരെയാണ് മേള. ഒന്നരലക്ഷത്തിന്റെ പൂക്കളാണ് ഇത്തവണ ഒരുക്കുന്നത്. ഇതുവരെ പരീക്ഷിക്കാത്ത ജർബറ, ഗല്ലാർടിയ, അഗെറാടം വൈറ്റ് എന്നിവ ഇത്തവണ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. തൈകൾ വളർത്തുന്നതിനും പൂക്കൾ പരിചരിക്കുന്നതിനും പൂന്തോട്ടം മുഴുവൻ വൃത്തിയാക്കുന്നതിനുമുള്ള ജോലികൾ മൂന്ന് മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പൂക്കളെ പരിപാലിക്കാൻ മാത്രം മുന്നൂറോളം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്.
രണ്ടാഴ്ചക്കകം വിരിയുന്ന തരത്തിലാണിപ്പോൾ തൈകളുള്ളത്. മഞ്ഞ, വെള്ള, ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികൾ, പൂക്കളിലെ നിറങ്ങളുടെ വൈവിദ്ധ്യം തീർത്ത് പെറ്റൂണിയ, ചുവപ്പും വൈലറ്റും സ്വർണ നിറത്തിലുമുള്ള സാൽവിയ, നക്ഷത്രംപോലെ തിളങ്ങുന്ന ആസ്റ്റർ, ഇല കാണാനാകാത്തവിധം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന വിങ്ക, സെലോസിയ, സൂര്യകാന്തിപ്പൂക്കൾ, കടലാസ് പൂക്കൾ, വിവിധയിനം റോസ് തുടങ്ങി സ്വദേശിയും വിദേശിയുമായ 35 ലേറെ പൂക്കളാണ് ഉദ്യാനത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. 24 ലേറെ നഴ്സറികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. സന്ദർശകർക്കായി തൈകളുടെ വിൽപ്പന സ്റ്റാളുകളും അധികൃതർ സജ്ജമാക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം.
സൈലന്റ് വാലിയും
ബൊമ്മിയാംപടി പാക്കേജും
അട്ടപ്പാടിയുടെ മനോഹാരിതയെയും സൈലന്റ് വാലിയുടെ നിശബ്ദ വന്യതയെയും സമന്വയിപ്പിക്കുന്ന ബൊമ്മിയാംപടി പാക്കേജാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് താമസിക്കാൻ 6,500 രൂപയും അഞ്ചുപേർക്ക് 17,500 രൂപയുമാണ് ചെലവ്. സൈരന്ധ്രിവരെ അഞ്ചുമണിക്കൂർ നേരത്തെ സഫാരിയിൽ സഞ്ചാരികൾക്ക് 23 കിലോമീറ്റർ കാനനഭംഗി ആവോളം ആസ്വദിച്ച് മടങ്ങിയെത്താം. അഞ്ചുപേർക്ക് ഒരു ജീപ്പിൽ 3,250 രൂപയാണ് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സൈലന്റ് വാലിയിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.