 
ചിറ്റൂർ: നെൽപാടങ്ങളിൽ നുരി വിത്തിടുന്ന പതിറ്റാണ്ടുകൾക്ക് മുമ്പത്തെ കൃഷിരീതി പിന്തുടർന്ന് നല്ലേപ്പിള്ളിയിലെ ഒരു കൂട്ടം കർഷകർ. ചിലവു കുറയ്ക്കാനാണ് പണ്ടത്തെ കർഷകർ നുരി വിത്തിട്ടുള്ള നെൽകൃഷി ചെയ്തു പോന്നത്. സാധാരണ നെൽകൃഷിക്ക് ഒരേക്കർ സ്ഥലത്ത് ഞാറുപറിച്ച് നടീൽ നടത്താൻ 12 മുതൽ 15 വരെ സ്ത്രീ തൊഴിലാളികൾ വേണ്ടിടത്ത് നുരിവിത്തിട്ടുള്ള കൃഷിരീതിക്ക് മൂന്നോ നാലോ തൊഴിലാളികളേ വേണ്ടി വരികയുള്ളു. ഞാറ്റു കണ്ടത്തിൽ ഉഴവേണ്ട, ഞാറു പാകേണ്ട. ഞാറുപറിക്കുന്ന പണിയും നടീൽ പണിയും ഇല്ല. ഞാറുപറിച്ച് കടത്തി പാടത്ത് വിന്യസിക്കുന്ന ജോലിയും ഒഴിവാകും. വിത്തിട്ടു മുളയ്ക്കുന്നത് മുതൽ പറിച്ച് നടുന്ന സമയംവരെ വീണ്ടും വേരു പിടിക്കാനുള്ള സമയവും ലാഭിക്കാം. നെൽചെടിയുടെ പൂർണ്ണവളർച്ച ലഭിക്കുമെന്നതും ഈ കൃഷിരീതിയുടെ പ്രത്യേകതയാണെന്ന് കർഷകർ പറഞ്ഞു. മുൻ കൊയ്ത്ത് സമയത്ത് കൊഴിഞ്ഞു വീണ നെല്ല് മുളക്കാതെ നോക്കുകയും കളവരാതെ കളനാശിനി പ്രയോഗവും ശ്രദ്ധിച്ചാൽ കൃഷി ചിലവു കുറച്ച് മെച്ചപ്പെട്ട വിളവ് ഉണ്ടാക്കാൻ കഴിയുമെന്ന് നല്ലേപ്പിള്ളിയിലെ കർഷകരായ പ്രഭലൻ, ഗംഗാധരൻ, വി.രാജൻ എന്നിവർ പറഞ്ഞു.
നുരി വിത്തിട്ട് കൃഷിരീതി ഇങ്ങനെ
കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ഉഴുത് മറിച്ച് വെള്ളം കെട്ടി നിറുത്തും.10 ദിവസം കഴിയുമ്പോൾ മുമ്പത്തെ കൊയ്ത്തിൽ കൊഴിഞ്ഞ വീണ നെല്ല് മുഴുവൻ മുളച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം വീണ്ടും ഉഴുതു നിരപ്പാക്കും. കളനാശിനി ഇട്ട് മൂന്ന് നാല് ദിവസം കഴിഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞ ശേഷം നാലഞ്ച് എണ്ണം വീതം നെൽ വിത്ത് ആറിഞ്ച് അകലത്തിൽ കൈവിരൽ കൊണ്ടു താഴ്ത്തി ഇട്ട് ചെളി മൂടുന്നു. ഇതാണ് നുരിവിത്തിട്ട് കൃഷിരീതി. നാലഞ്ച് ദിവസത്തിൽ വിത്ത് മുളക്കും. 15 ദിവസത്തിനകം ഞാറിന്റെ വലുപ്പത്തിൽ വളർന്നിരിക്കും. അപ്പോൾ തന്നെ ഒന്നാം വള പ്രയോഗവും 20 ദിവസം കഴിഞ്ഞ് രണ്ടാം വളപ്രയോഗവും നടത്തി വെള്ളം കെട്ടി നിറുത്തും. ഒരു ഭാഗത്തിട്ട വിത്തുകളിൽ ചിനപ്പുകൾ പൊട്ടി ആരോഗ്യത്തോടെ വളരുന്നു. കൂടുതൽ വിത്ത് വീണ സ്ഥലത്ത് നിന്ന് ഞാറ് പറിച്ച് മാറ്റും.