 
 ജില്ലയിൽ ഈവർഷം ഉഴവുകൂലിയിൽ രജിസ്റ്റർചെയ്തത് 52,000 കർഷകർ
 സുസ്ഥിര നെൽക്കൃഷി വികസന ആനൂകൂല്യവും വെട്ടിക്കുറച്ചു
പാലക്കാട്: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ഉത്പാദനക്കുറവും കൃഷിച്ചെലവുകൾ കുത്തനെ വർദ്ധിച്ചതും കർഷകരെ പ്രതിസന്ധിയിലാക്കവേ ഉഴവുകൂലി വെട്ടിക്കുറയ്ക്കുന്നതു തുടരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതമാണ് വെട്ടിക്കുറയ്ക്കുന്നത്. അഞ്ചുവർഷം മുമ്പ് ജില്ലാപഞ്ചായത്ത് ഹെക്ടറിന് 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 3000 രൂപവരെയും നൽകിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതിവിഹിതം കുറയുന്നതാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരുവർഷം ഉഴവുകൂലി വിഹിതത്തിൽ നിന്നാണ് കനാൽ വൃത്തിയാക്കിയത്. ഇത്തവണ ജില്ലാ പഞ്ചായത്ത് ഹെക്ടറിന് 2,800 രൂപയാണ് ഉഴവുകൂലി നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകൾ ശരാശരി 2,000 രൂപയുമാണ് അനുവദിച്ചത്. പഞ്ചായത്തുകൾ മുമ്പുണ്ടായിരുന്ന വിഹിതമായ ശരാശരി 7,000 രൂപ തുടരുന്നതാണ് അല്പമാശ്വാസം.
ജില്ലാ-ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി കർഷകർക്ക് ഇപ്പോൾ ശരാശരി ലഭിക്കുന്നത് ഹെക്ടറിന് 11,800 രൂപയാണ്. മൂന്നു വിഭാഗങ്ങളിൽ നിന്നായി ഹെക്ടറിന് 25,000വരെ നൽകാമെന്നിരിക്കെയാണ് ഈ സ്ഥിതി. നെൽക്കൃഷി കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ ഹെക്ടറിന് 25,000 രൂപയെന്നത് കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെടുന്നതിനിടെയാണ് നിലവിലുള്ളത് വെട്ടിക്കുറയ്ക്കുന്നത്.
മുമ്പ് ഉഴവുകൂലിവിഹിതം ഹെക്ടറിനു പരമാവധി 17,000 രൂപയായിരുന്നപ്പോൾ 15,000 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. ജില്ലയിൽ 52,000 കർഷകരാണ് ഈവർഷം ഉഴവുകൂലിയിൽ രജിസ്റ്റർചെയ്തത്. സുസ്ഥിര നെൽക്കൃഷി വികസന ആനൂകൂല്യവും വെട്ടിക്കുറച്ചു.
കൂടുതൽ തുക അനുവദിക്കാനുള്ള സാദ്ധ്യതയില്ല
ഹെക്ടറിന് 5,500 രൂപ രണ്ടുവിളകൾക്കും നൽകിയിരുന്നത് കഴിഞ്ഞ രണ്ടുവർഷമായി ഒരു വിളയ്ക്കുമാത്രമാണ് നൽകുന്നത്. ജില്ലാപഞ്ചായത്ത് നിലവിൽ നൽകിയിട്ടുള്ള ഉഴവുകൂലി വിഹിതം ആദ്യഗഡുവാണെന്നും ആവശ്യമെങ്കിൽ വീണ്ടും തുക അനുവദിക്കാമെന്നും ജില്ലാപഞ്ചായത്തധികൃതർ അറിയിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. അതേസമയം, ബ്ലോക്ക് പഞ്ചായത്തുകൾ കൂടുതൽ തുക അനുവദിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്.