 
വടക്കഞ്ചേരി: പാലത്തിന്റെ ജോയിന്റുകളിൽ വിടവ് ഉണ്ടായതിനെ തുടർന്ന് കുതിരാൻ പാലം വീണ്ടും പൊളിച്ചു. കുതിരാൻ കൊമ്പഴ മമ്മദ് പടിയിൽ പാലക്കാട് ദിശയിൽ 150 മീറ്ററോളം മൂന്നുവരി പാതയ്ക്ക് പകരം രണ്ടുവരിപ്പാത മാത്രമാണ് നിലവിലുള്ളത്. മൂന്നുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്തെങ്കിലും രണ്ട് വരിയുടെ നിർമ്മാണമാണ് നടത്തിയിട്ടുള്ളത്. പാലത്തിന്റെ ജോയിന്റുകൾ അകന്ന് വൻ വിടവ് ഉണ്ടായതോടെയാണ് പൊളിച്ച് നിർമ്മാണം തുടങ്ങിയത്. പാലത്തിനു മുകളിൽ കൂടി ഒറ്റവരി ആയാണ് വാഹനങ്ങൾ വിടുന്നത്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ അടിപ്പാത നിർമ്മാണം കൂടിയായതോടെ ആറുവരിപ്പാതയിൽ ഗതാഗത തടസം പതിവായി. പന്നിയങ്കര ടോൾ പ്ലാസയിൽ വൻതുക ടോൾ നൽകി വരുന്ന വാഹനങ്ങൾ നിരന്തരം കുരുക്കിൽ പെടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇവിടെ മൂന്നുവരിപ്പാത നിർമിക്കുന്നതിനൊപ്പം കുതിരാൻ പഴയപാത സർവീസ് റോഡായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇതിന് വനംവകുപ്പിന്റെ അനുമതി ലഭിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. ഇതിനു പുറമെ വടക്കഞ്ചേരി, മണ്ണുത്തി മേൽപാലങ്ങളുടെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും നടപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും കരാറിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.
.