paddy

പാലക്കാട്: നെല്ലിൽ നിന്ന് ലഭിക്കുന്ന അരിയുടെ അനുപാതം (ഔട്ട് ടേൺ റേഷ്യോ) നിർണയിക്കാനുള്ള കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോർട്ട് ഡിസംബർ 31ന് മുമ്പാകെ സമർപ്പിക്കാൻ നിർദ്ദേശം. ഒക്ടോബർ 31നകം റിപ്പോർട്ട് നൽകണമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ, നടപടികൾ നീണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28നാണ് കൃഷിവകുപ്പ് കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗവുമായി കരാറുണ്ടാക്കിയത്. മൂന്നുമാസമാണ് അനുവദിച്ചിരുന്നത്. എന്നാൽ, രണ്ടുവിളക്കാലത്തെയും നെല്ല് പരിശോധിക്കണമെന്ന് മില്ലുടമകളിൽ നിന്നടക്കം ആവശ്യമുയർന്നതിനാൽ കാലാവധി ആറുമാസമാക്കി.

തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ഓൺട്രപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റിന്റെ (എൻ.ഐ.എഫ്.ടി.ഇ.എം) സഹകരണത്തോടെയായിരുന്നു പരിശോധന. ഇവരുടെ ലാബിലെ പരിശോധനയ്ക്കുള്ള തുക ഇരട്ടിയാക്കിയതോടെയാണ് പഠനം വൈകിയത്. ലാബിന് നൽകാനുള്ള തുക 6.60 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചതോടെ തടസം നീങ്ങിയിട്ടുണ്ട്.

സ്വകാര്യമില്ലുകൾ ഒരു ക്വിന്റൽ (100 കിലോ) നെല്ലിന് 68 കിലോ അരി റേഷൻ കടകളിലേക്ക് നൽകണമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള വ്യവസ്ഥ. സംസ്ഥാനത്ത് നെല്ലിൽനിന്ന് ഇത്രയും അരി ലഭിക്കില്ലെന്നാണ് മില്ലുടമകളുടെ വാദം. സർക്കാർ മുമ്പ് നിയോഗിച്ച സമിതി പരിശോധിച്ച് 64.5 കിലോ അരി മാത്രമേ ലഭിക്കൂ എന്ന് കണ്ടെത്തിയിരുന്നു. ഇത് നടപ്പാക്കിയെങ്കിലും കർഷകരുടെ പരാതിയിൽ കോടതി ഇടപെട്ടു. തുടർന്ന്, സർക്കാരിന് തോത് 68 കിലോഗ്രാമാക്കി പുനഃസ്ഥാപിക്കേണ്ടി വന്നിരുന്നു.