train

ഷൊർണൂർ: എറണാകുളം-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാർക്ക് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള കണക്ഷൻ ട്രെയിൻ കിട്ടാതെ പോകുന്ന പ്രശ്നം തുടരുന്നു. ഇതിനെതിരെ യാത്രക്കാർ സംഘടിച്ച് നടത്തിയ ട്രെയിൻ തടയലിനെതിരെ റെയിൽവേ പൊലീസ് കേസ് എടുത്തിരുന്നു. വാടക്കാഞ്ചേരി വരെ കൃത്യ സമയം പാലിച്ചാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് ഓടുന്നതെന്നും, ശേഷം ട്രെയിൻ മറ്റു സ്ഥലങ്ങളിൽ പിടിച്ചിട്ട് നാല്പത്തും അമ്പതും മിനിറ്റ് വൈകുന്നതാണ് നിലമ്പൂർ ട്രെയിൻ കിട്ടാതെ പോകുന്നതിന്റെ പ്രധാനകാരണമെന്ന് യാത്രക്കാർ പറയുന്നു. ഭാരതപ്പുഴ എത്തുന്നതിനു തൊട്ടു മുൻപ് ഉള്ള കാബിനിൽ എത്തുമ്പോഴാണ് ഭൂരിഭാഗം സമയവും പിടിച്ചിടുന്നത്. ഷൊർനൂരിൽ നിന്നും നിലമ്പൂരിലേക് പോകുന്ന പാസഞ്ചർ ട്രെയിൻ നിശ്ചിത സമയത്തിൽനിന്ന് പത്തു മിനിറ്റ് വൈകിയാണ് പുറപ്പെടുന്നത്. എന്നിട്ടും നിലമ്പൂർ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമാകുന്നു. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ,

ഉന്നതതല അന്വേഷണം നടത്തണം

പ്രദേശത്തേക്കു പോകേണ്ട അഞ്ഞൂറിൽ പരം യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. പ്രശ്നത്തിൽ
റെയിൽവേ ഉന്നതതല അന്വേഷണം നടത്തണമെന്നും ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ റെയിൽവേ പൊലീസ് 100 പേർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ദേശിയ കൺവീനർ സൺഷൈൻ ഷൊർണൂർ ആവശ്യപ്പെട്ടു. റെയിൽവേ ബോർഡിനും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, എം.പി മാർക്കും, മറ്റു ജന പ്രതിനിധികൾകും ഈ വിഷയത്തിൽ പരാതി നൽകിയതായും സൺഷൈൻ അറിയിച്ചു.

ആവശ്യം നിരാകരികുകയാണെങ്കിൽ പ്രത്യക്ഷ ജയിൽ നിറക്കൽ സമരം നടത്തും

നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻ പുറപ്പെടുന്നതിനു മുൻപ് നിശ്ചിത സമയത്തിനുള്ളിൽ എറണാകുളം കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തണമന്ന ആവശ്യം റെയിൽവേ പരിഗണിക്കാത്തത് പ്രതിഷേധാർഹം ആണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രണ്ടു റെയിൽവേ ഡിവിഷൻ മാനേജർമാരെയും ( പാലക്കാട്, തിരുവനന്തപുരം) പരാതി അറിയിച്ചിട്ടുണ്ട്. ഇനിയും റെയിൽവേ ആവശ്യം നിരാകരികുകയാണെങ്കിൽ പ്രത്യക്ഷ ജയിൽ നിറക്കൽ സമരവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകിയതായും സൺഷൈൻ ഷൊർണൂർ പറഞ്ഞു.