
500 രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല
501 രൂപ മുതൽ 1000 വരെ ആറു രൂപയും, 1001 രൂപ മുതൽ ഉള്ളവക്ക് 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കും
അവധി ദിവസം വരെ ഏതുദിവസവും മുദ്രപത്രം അംഗീകൃത വെണ്ടർമാരിൽ നിന്ന് വാങ്ങാം
100 ജി.എസ്.എം നിലവാരത്തിലുള്ള കടലാസിൽ ഇങ്ക്‌ജെറ്റ് പ്രിന്റർ ഉപയോഗിച്ചു മാത്രമേ പ്രിന്റ് ചെയ്തു നൽകാൻ പാടുള്ളൂ
പാലക്കാട്: സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി നടപടിക്രമങ്ങൾ ലഘൂകരിച്ചെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് കുറവൊന്നുമില്ല. ഇ-സ്റ്റാമ്പിംഗിനെ തുടർന്ന് മുദ്രപത്ര ക്ഷാമം ഒഴിവായെങ്കിലും മുഖവിലക്ക് പുറമേ അധിക ഫീസും ജനം നൽകണം. 500 രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 രൂപ മുതൽ 1000 വരെ ആറു രൂപയും, 1001 രൂപ മുതൽ ഉള്ളവക്ക് 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കാനും വെണ്ടർമാർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. മുദ്രപത്ര വെണ്ടർമാർക്ക് സർക്കാർ നൽകുന്ന കമ്മിഷന് പുറമെയാണിത്.
ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്ക് വെണ്ടർമാർ പ്രിന്റിംഗ് ചെലവ് ഇനത്തിൽ 50 മുതൽ 100 രൂപവരെ അധികതുക ഈടാക്കുന്നെന്ന പരാതിയെ തുടർന്നാണ് പൊതുജനങ്ങളിൽ നിന്ന് അധിക തുക വാങ്ങാൻ നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാമ്പിംഗ് പദ്ധതിക്ക് മുമ്പ് സർക്കാർ അച്ചടിച്ച് നൽകുന്ന മുദ്രപത്രത്തിന് അധിക വില നൽകേണ്ടതില്ലായിരുന്നു.
ഇതോടെ പൊതുജനങ്ങൾക്ക് മുദ്രപേപ്പർ, രജിസ്‌ട്രേഷൻ, എഗ്രിമെന്റ്, എഴുത്തുകൂലി എന്നിവക്ക് പുറമേ പ്രിന്റിംഗ് ചാർജും കൂടി നൽകേണ്ട സ്ഥിതിയായി. അവധി ദിവസം വരെ ഏതുദിവസവും മുദ്രപത്രം അംഗീകൃത വെണ്ടർമാരിൽ നിന്ന് വാങ്ങാൻ കഴിയും. 100 ജി.എസ്.എം നിലവാരത്തിലുള്ള കടലാസിൽ ഇങ്ക്‌ജെറ്റ് പ്രിന്റർ ഉപയോഗിച്ചു മാത്രമേ പ്രിന്റ് ചെയ്തു നൽകാൻ പാടുള്ളൂ.
ലേസർ പ്രിന്ററുകളിൽ അക്ഷരങ്ങൾ മാഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് ഇങ്കുജെറ്റ് പ്രിന്ററുകൾ തന്നെ നിർബന്ധമാക്കിയത്. അതിൽ വെണ്ടർമാരുടെ പേരും, ഒപ്പും, സീലും നീല മഷിയിൽ മാത്രം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പകർപ്പ് എടുത്ത് ദുരുപയോഗം നടത്തുന്നത് തടയാനാണിത്.
ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ
രജിസ്‌ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ആവശ്യമായ മുദ്രപത്രങ്ങൾ മാത്രമേ കളറിൽ പ്രിന്റ് ചെയ്തു നൽകുകയുള്ളൂ. ഭൂമി രജിസ്‌ട്രേഷൻ, വിൽപന കരാർ എന്നിവക്ക് ഇരുകക്ഷികളുടെയും പേരും വിലാസവും നിർബന്ധമാക്കി. മുദ്രപേപ്പർ വിൽപന സമയം എടുത്തുകളഞ്ഞു.