
പാലക്കാട്: കള്ളുവ്യവസായ തൊഴിലാളി സംഘങ്ങൾ വരുത്തിയ ക്ഷേമനിധി കുടിശിക 20 വർഷത്തിലേറെയായിട്ടും പിരിച്ചെടുക്കാനായില്ലെന്ന് വിവരാവകാശരേഖ. 2001-02 വർഷത്തിൽ തൊഴിലാളികളുടെ ക്ഷേമനിധി അക്കൗണ്ടിൽ അടക്കേണ്ട തുകയാണ് മദ്യ വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിന് ലഭിക്കാത്തത്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ചെത്ത് -മദ്യവ്യവസായ തൊഴിലാളികളുള്ള ചിറ്റൂർ റേഞ്ചിൽമാത്രം 48.16 ലക്ഷം രൂപയാണ് തിരിച്ചുപിടിക്കാനാവാതായത്. ചിറ്റൂർ റേഞ്ച് കള്ളു വ്യവസായത്തൊഴിലാളി സഹകരണസംഘം വരുത്തിയ കുടിശികയാണിത്. ചിറ്റൂർ നാട്ടുകൽ സ്വദേശി കെ.ശിവൻ വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്ക്ക് കേരള കള്ളുവ്യവസായ ക്ഷേമനിധിബോർഡ് സീനിയർ സൂപ്രണ്ട് നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. തുക തിരിച്ചുപിടിക്കാവുന്ന സാഹചര്യമില്ലെന്നും ക്ഷേമനിധിബോർഡ് അധികൃതർ പറയുന്നു.
1999 മുതൽ 2002വരെയാണ് ഷാപ്പുകളുടെ ചുമതല തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിച്ചത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച സംഘങ്ങൾ പിന്നീട് തൊഴിലാളികളുടെ ക്ഷേമനിധി, പ്രൊവിഡന്റ് ഫണ്ട് വിഹിതങ്ങളടക്കം കുടിശിക വരുത്തുകയായിരുന്നു. സംസ്ഥാനത്തെ 136 റേഞ്ചിലും കുടിശികയായി.
തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് മുൻകൂറായി പിടിച്ച എട്ടുശതമാനമടക്കം 21 ശതമാനം തുകയാണ് ക്ഷേമനിധിയിലേക്ക് അടക്കേണ്ടിയിരുന്നത്. വൈകാതെ സർക്കാർ മാറുകയും സംഘങ്ങൾ പിരിച്ചുവിട്ട് ഷാപ്പുകൾ വ്യക്തിഗത ലൈസൻസികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സംഘങ്ങളിൽനിന്ന് കുടിശിക തുക പിരിച്ചെടുക്കുന്നതിനുള്ള റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു.
ആസ്തികളുണ്ടായിരുന്ന ചില സംഘങ്ങളിൽ നിന്ന് നാമമാത്ര തുക പിരിച്ചെടുത്തെങ്കിലും ഭൂരിഭാഗം സംഘങ്ങൾക്കും ആസ്തിയില്ലെന്നത് പ്രശ്നമായി. സംഘം ഭാരവാഹികളുടെ വ്യക്തിഗത ആസ്തികളിൽനിന്ന് തുക പിരിച്ചെടുക്കാൻ ക്ഷേമനിധി ബോർഡ് രംഗത്തിറങ്ങി. എന്നാൽ, സംഘം ഭാരവാഹികൾ ഇതിനെതിരേ ഹൈക്കോടതിയിലെത്തി. സംഘത്തിന്റെ കുടിശിക ഭാരവാഹികളുടെ വ്യക്തിപരമായ സ്വത്തുക്കളിൽനിന്ന് ഈടാക്കരുതെന്ന് കോടതി ഉത്തരവിട്ടതോടെ ഈ നടപടിയും അവസാനിപ്പിക്കേണ്ടി വന്നതായി ക്ഷേമനിധി ബോർഡ് അധികൃതർ വ്യക്തമാക്കി.