
ചിറ്റൂർ: പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.യു.പി സ്കൂളിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പി വി.കെ.കൃഷ്ണദാസിനാണ് നേതൃത്വം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്നലെ രാവിലെ സ്‌കൂളിൽ എത്തിയ അദ്ധ്യാപകരാണ് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സ്‌കൂൾ കെട്ടിടത്തിൽ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ ഗ്രില്ലിന് ഇടയിലൂടെ കോൽ ഉപയോഗിച്ചാണ് പുൽക്കൂട് തകർത്തത്.
കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോളിനെത്തുടർന്ന് സംഘപരിവാർ പ്രവർത്തകർ സ്‌കൂളിലെത്തി അധികൃതരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.
മന്ത്രി കെ.കൃഷ്ണൻകുട്ടി തത്തമംഗലം സ്കൂൾ സന്ദർശിച്ചു. നല്ലേപ്പിള്ളിയിലെ സംഭവവുമായി കൂട്ടി വായിക്കുമ്പോൾ മതസൗഹാർദ്ദം തകർക്കാനുള്ള ചില കുബുദ്ധികളുടെ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.
സംഘപരിവാറിന് ബന്ധമില്ല: കെ. സുരേന്ദ്രൻ
കോഴിക്കോട്: പാലക്കാട്ടെ സ്‌കൂളിൽ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്നും താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയലിനെ സന്ദർശിച്ച് ക്രിസ്മസ് ആശംസ നേർന്ന ശേഷം സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ക്രൈസ്തവ സമൂഹവുമായി കുറച്ചുകാലമായി ബി.ജെ.പി സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമുള്ള ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തെ തടഞ്ഞതിനെതിരെ നിയമ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. സ്കൂളിന് മുന്നിൽ ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ക്രിസ്മസ് കരോൾ നടത്തിയത് സ്വാഗാതാർഹമാണ്.
-ജോർജ് കുര്യൻ
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി