 
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ നാല് വാർഡിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. കണിച്ചിപരുത, വെള്ളിക്കുളമ്പ്, ലവണപാടം, ഒറവത്തൂർ, പനംകുറ്റി, പെരുംതുമ്പ, വാൽക്കുളമ്പ് തുടങ്ങിയ പ്രദേശത്തെല്ലാം കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. വേനൽ തുടങ്ങും മുമ്പേ കിഴക്കഞ്ചേരി പഞ്ചായത്തിലെ പത്ത്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകൾ ഉൾപ്പെട്ട സ്ഥലങ്ങളിലാണ് കുടിവെള്ളക്ഷാമം. പിട്ടുക്കാരി കുളമ്പിലുള്ള ടാങ്കിലേക്കുള്ള വെള്ളത്തിന്റെ സ്രോതസായ കുഴൽ കിണറിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ വാട്ടർ കണക്ഷനുള്ള 350 വീടുകളിൽ ടാപ്പ് തുറന്നാൽ കാറ്റ് മാത്രമാണ് വരുന്നത്. എന്നാൽ കാറ്റ് വന്നാലും വെള്ളം വന്നില്ലെങ്കിലും ബില്ല് കൃത്യമായി അടച്ചേ പറ്റൂ. കുടിവെള്ള ക്ഷാമത്തിന്റെ ഇരകളാകുന്നവർ കൂടുതൽ പേരും കൂലിപ്പണിക്കു പോകുന്നവരാണ്. പണി കഴിഞ്ഞു വൈകുന്നേരം വന്നാണ് വെള്ളത്തിനായി നെട്ടോട്ടമെടേണ്ടത്. സാമൂഹ്യ പ്രവർത്തകനായ വി.എം.സുലൈമാന്റെ നേതൃത്വത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിലും മറ്റും പല തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി. കളക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്. പുതിയ ബോർവെൽ കുഴിച്ചു ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്ന് വാർഡ് മെമ്പർ പോപ്പി പറഞ്ഞു.