jeep
ഡീസൽ ഇല്ലാത്തത് മൂലം പഞ്ചായത്തിൽ കിടക്കുന്ന പ്രസിഡന്റിന്റെ ജീപ്പ്.


മുതലമട: ഡീസൽ അടിക്കാൻ വഴിയില്ലാത്തതിനാൽ മുതലമട പഞ്ചായത്തിലെ വാഹനങ്ങളും കട്ടപ്പുറത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ജീപ്പ് ഉൾപ്പെടെ രോഗികൾക്കുള്ള ആംബുലൻസ്, ഹരിത കർമ്മ സേനയുടെ വണ്ടി, പഞ്ചായത്ത് ട്രാക്ടർ തുടങ്ങിയ വാഹനങ്ങളാണ് ഡീസൽ ഇല്ലാതെ ഓടാനാവാതെ നിറുത്തി ഇട്ടിരിക്കുന്നത്. ഡീസൽ കുടിശ്ശിക രണ്ട് ലക്ഷം രൂപ ഭരണസമിതി അംഗീകരിച്ചെങ്കിലും ബില്ലുകൾ പാസാക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് വിനയായത്. പഞ്ചായത്തിന്റെ പലമീറ്റിങ്ങുകൾക്കും പങ്കെടുക്കാനാവാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ. വാഹനങ്ങളുടെ ഡീസൽ ചിലവ് ദൈനംദിന ചിലവുകളിൽ പെടുന്നവയാണെങ്കിലും നാളിതുവരയായി ബില്ലുകൾ പാസാക്കേണ്ട ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ഇത്രയും കുടിശ്ശികയാവാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കൽപന ദേവി പറഞ്ഞു. ഇതോടെ പമ്പ് ഉടമയടക്കം ഇന്ധനം നൽകുന്നത് നിർത്തി.
പ്രസിഡന്റ് പി.കൽപനാദേവിയും വൈസ് പ്രസിഡന്റ് എം.താജുദീനും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പഞ്ചായത്ത് സെക്രട്ടറി അവധിയിലാണ്. ദേശീയ എസ്.സി കമ്മീഷണർ ഉൾപ്പെടെയുള്ളവർ പഞ്ചായത്തിന്റെ തൽസ്ഥിതി വിലയിരുത്താനായി പഞ്ചായത്തിൽ എത്തിയിരുന്നുകേന്ദ്ര പദ്ധതികൾ ഉൾപ്പെടെ ആദിവാസികൾക്ക് ലഭിക്കേണ്ട പല പദ്ധതികളും പാഴാകുന്നു എന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് എസ്.സി.കമ്മീഷണർ മുഖേന പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് എസ്.സി കമ്മിഷണർ.
പഞ്ചായത്തിന്റെ മുഖ്യ ഘടകങ്ങളായ എ.എസ്, പ്ലാനിംഗ് ക്ലർക്ക്, സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരുടെ അഭാവമാണ് പഞ്ചായത്തിനെ കടുത്ത പ്രതിസന്ധിയിൽ ആക്കുന്നത്. എ.എസ് തസ്തിയിലേക്ക് ഉദ്യോഗസ്ഥ നിയമനം നടന്നെങ്കിലും നാളിതുവരെയായി ഉദ്യോഗസ്ഥൻ ചാർജെടുത്തിട്ടില്ല. ഇതോടെയാണ് പഞ്ചായത്തിൽ പൂർണ്ണമായും ഭരണ സ്തംഭനം ഉണ്ടാക്കിയത്. മാസങ്ങളായി അസിസ്റ്റന്റ് എൻജിനീയറും എട്ടു മാസത്തിലധികമായി വി.ഇ.ഒയോ പഞ്ചായത്തിൽ ഇല്ല. ഇതും പദ്ധതി നിർവഹണത്തിന് കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്. ബില്ലുകൾ പാസാക്കി എടുക്കേണ്ട ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ ഡീസൽ അടിച്ച് പഞ്ചായത്ത് വാഹനങ്ങൾ ഉൾപ്പെടെ ചലിക്കാൻ ആവുകയുള്ളൂ. കൂടാതെ ദൈനംദിന ചിലവുകളും നടക്കുകയുള്ളൂ.