bharathapuzha

ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് വർദ്ധിപ്പിക്കുമെന്ന ആശങ്കയോടെ ഭാരതപ്പുഴയിൽ വരൾച്ച അതിരൂക്ഷമാകുന്നു. വേനലെത്തും മുന്നേ നീർച്ചാലായി മാറിയ നിളയുടെ പല ഭാഗങ്ങളിലും നീരൊഴുക്ക് പൂർണമായും നിലച്ച അവസ്ഥയിലാണ്. നിലവിൽ അവശേഷിക്കുന്ന ജലക്കുഴികൾ പോലും വരണ്ടുണങ്ങി തുടങ്ങി. ഇതിനകം തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായ ഭാരതപ്പുഴയുടെ തീരപ്രദേശങ്ങൾ വേനലിന്റെ കാഠിന്യമേറുന്നതോടെ കൊടും വരൾച്ചയാകും അഭിമുഖീകരിക്കേണ്ടി വരികയെന്നാണ് മുന്നറിയിപ്പുകൾ.
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയുടെ ഈ കൊടും വരൾച്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജലക്ഷാമവും വേനൽ കെടുതികളും നേരിടുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെയാണ് പ്രതികൂലമായി ബാധിക്കുക. ഈ മൂന്ന് ജില്ലകളിലുമായി 40 ലക്ഷത്തോളം കുടുംബങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും ഭാരതപ്പുഴയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നുമുത്ഭവിച്ച് 209 കിലോമീറ്റർ സഞ്ചരിക്കുന്ന ഭാരതപ്പുഴ കേരളത്തിലെ ഈ മൂന്ന് ജില്ലകളിലായുള്ള എട്ട് പ്രധാന നഗരസഭകളിലൂടെയും 175 ഗ്രാമ പഞ്ചായത്തുകളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പുറമെ സമീപ പഞ്ചായത്തുകളുടെ കൂടി പ്രധാന ജലസ്രോതസാണ് ഭാരതപ്പുഴ. ഇവിടങ്ങളിൽ ജലവിഭവ വകുപ്പ് വഴിയും മറ്റുമായി നടപ്പാക്കിയിട്ടുള്ള പ്രധാന കുടിവെള്ള പദ്ധതികളുടെയെല്ലാം ഉറവിടം ഭാരതപ്പുഴയാണെന്നിരിക്കെ ഇത്തവണത്തെ വരൾച്ചയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്ന് ഉറപ്പ്.

സാധാരണ ഗതിയിൽ മാർച്ച് അവസാനത്തിലും ഏപ്രിൽ ആദ്യത്തിലുമായാണ് ഭാരതപ്പുഴ വറ്റിവരളാറുള്ളത്. എന്നാൽ ഇത്തവണ മഴയിലുണ്ടായ കുറവ് ഭാരതപ്പുഴയെയും വലിയതോതിൽ ബാധിച്ചു. പ്രതിവർഷം 1,552.3 ക്യുബിക് മില്ലിമീറ്റർ ജലലഭ്യതയാണ് ഭാരതപ്പുഴക്കുളളത്. 1,341.2 ക്യുബിക് മില്ലിമീറ്റർ ഉപരിതല ജലവും 211.1 ക്യുബിക് മില്ലിമീറ്റർ ഭൂഗർഭ ജലവും. മഴ കുറഞ്ഞതോടെ ഉപരിതല ജലത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. മണൽ വാരലും മറ്റുമായുള്ള പുഴ നശീകരണത്തോടെ ഭൂഗർഭ ജലവും ഇല്ലാതായ അവസ്ഥയാണ്. നവംബർ ഡിസംബർ മാസങ്ങളിൽ തന്നെ നിള നീർച്ചാലായി മാറിക്കഴിഞ്ഞിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരൾച്ച കൂടമ്പോൾ മലമ്പുഴയുൾപ്പെടെയുള്ള ഡാമുകൾ തുറന്ന് വിട്ട് ജലമെത്തിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ മലമ്പുഴ ഡാം നേരത്തെ തന്നെ തുറന്ന് വിട്ടിരുന്നു. എന്നിട്ടും മാർച്ച് മാസം എത്തും മുമ്പ് തന്നെ നീരൊഴുക്ക് പൂർണമായും നിലച്ച അവസ്ഥ അധികൃതരെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

ജലംസംഭരിക്കാൻ മാർഗങ്ങളില്ല

കഴിഞ്ഞ പ്രളയകാലത്ത് ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞ് കൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായി. ഒട്ടേറെ പദ്ധതികൾ ഭാരതപ്പുഴയ്ക്കു വേണ്ടി നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണൽ നീക്കാൻ ഇതുവരെയും നടപടി എടുത്തിട്ടില്ല. വെള്ളം സംഭരിക്കാൻ കഴിയാതായതോടെ സമീപത്തെ ഏക്കറുകണക്കിന് കൃഷിയും പ്രതിസന്ധിയിലാണ്. മുൻ മാസങ്ങളിൽ ഷട്ടറുകൾ തുറന്നിട്ട് തടയണയിലെ വെള്ളം ഒഴുകിപ്പോയതും പ്രതിസന്ധിക്ക് കാരണമായി എന്നാണ് കർഷകർ പറയുന്നത്. ഷൊർണൂരിലെ കാരക്കാട് പോലുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കാൻ വെള്ളമില്ലാതെ നെൽപാടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ്.

തടയണയിൽ മതിയായ ജലം സംഭരിക്കാൻ കഴിയാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ആകെ 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിച്ചിട്ടുള്ളത്. പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക്, മോട്ടർ പമ്പുകൾ, ട്രാൻസ്‌ഫോമർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണ് ഭാരതപ്പുഴയിൽ നിലവിലുള്ളത്. ഷൊർണൂർ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനും ആണ് തടയണ പദ്ധതി കൂടുതൽ ഗുണം ചെയ്തത്. തൃശൂർ ജില്ല മൈനർ ഇറിഗേഷൻ വിഭാഗമാണ് കിഫ്ബി ഫണ്ടിൽ നിന്ന് ഷൊർണൂർ ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിർമിച്ചത്.

ആരെ പഴിക്കണം

ഇരുട്ടിവെളുത്തപ്പോൾ ഭാരതപ്പുഴ ഇങ്ങനെ ആയതല്ല. അങ്ങിങ്ങായി ചില ജലരേഖകൾ ബാക്കിനിൽപ്പുണ്ടെങ്കിലും രക്ഷിക്കാൻ ആളോ ചൂഷണങ്ങൾക്കെതിരെ കാര്യമായ ഒച്ചയനക്കങ്ങളോ ഇല്ല. മലിനീകരണം, കൈയേറ്റം, പ്രളയം, തീരത്തെ കൃഷിയിൽ വന്ന മാറ്റം, വൃഷ്ടിപ്രദേശത്തെ ഭൂവിനിയോഗത്തിലുണ്ടായ അശാസ്ത്രീയതയും വനനശീകരണവും, പ്രകൃതി വിഭവ ചൂഷണം, തദ്ദേശ സ്ഥാപനങ്ങളുടെ താത്പര്യക്കുറവ്, സർക്കാർ തലത്തിലുള്ള ഏകോപനക്കുറവും നയമില്ലായ്മയും, അശാസ്ത്രീയ പദ്ധതികൾ, നദീജലക്കരാറിന്റെ ലംഘനം തുടങ്ങിയ എണ്ണമറ്റ കാരണങ്ങളിലേക്കാണ് അന്വേഷണത്തിൽ നമ്മളെത്തുന്നത്.


മണലെടുപ്പ് ഭാരതപ്പുഴയിൽ നിരോധിക്കപ്പെട്ടതാണ്. പക്ഷേ, ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. കൈവഴികളിലും അതിലേക്കു വന്നുചേരുന്ന ഉപനദികളിലുമെല്ലാം തലച്ചുമടായും ചെറുവാഹനങ്ങളിലും മണലെടുപ്പു സജീവം. മദ്ധ്യഭാഗത്തു മണലെടുപ്പില്ലാത്തതിനാൽ അവിടം ഉയർന്നിരിക്കുന്നു. ആ ഭാഗത്തു മരങ്ങളും സസ്യജാലവും വളർന്നിരിക്കുന്നു. കരയോടു ചേർന്നുള്ള മണലൂറ്റൽ കാരണം ഓരങ്ങളിടിഞ്ഞു പുഴയുടെ ഘടന മാറി. പുഴയോര സസ്യങ്ങളായ മുളകൾ നിളയുടെ തീരങ്ങളിൽ കാണാനില്ല. ഭാരതപ്പുഴയുടെ ജലസമൃദ്ധിക്കു മുഖ്യകാരണമായി തലയുയർത്തി നിന്ന ഉൾനാടൻ കുന്നുകളേറെയും നഷ്ടപ്പെട്ടു. കുന്നുകളിലെ ചെറുകാടുകൾ വെട്ടിവീഴ്ത്തി.

പ്രളയം പുഴയുടെ ഘടനയെ മാറ്റി

പ്രളയം ഭാരതപ്പുഴയുടെ ആഴവും വ്യാപ്തിയും കുറച്ചിരിക്കുന്നു. മണ്ണും മണലും പുഴയിലെ സസ്യങ്ങളും ജൈവാംശങ്ങളുമെല്ലാം ചേർന്നു പുഴകളിൽ ഒരു പ്രത്യേക ജൈവമണ്ണ് രൂപപ്പെടാറുണ്ട്. സ്‌പോഞ്ച് പോലുള്ള ഈ ജൈവമണ്ണാണു പുഴജലം നിലനിറുത്തുന്നത്. പുഴയുടെ ഉറവിടങ്ങളിലും ജൈവമണ്ണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇന്ന് അതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ധാരാളം സുഷിരങ്ങളുള്ള മണലും ജലശേഷി നിലനിറുത്താൻ സഹായിക്കുന്ന ജൈവമണ്ണുമെല്ലാം ഭാരതപ്പുഴയിൽ പ്രളയശേഷം ഒലിച്ചകന്നു.

മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന മണ്ണിനു ജലം പിടിച്ചുനിറുത്താൻ ശേഷിയില്ല എന്ന് അഹല്യ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഗായത്രിപ്പുഴയിലും കോരപ്പുഴയിലും മലമ്പുഴയിലുമെല്ലാം പ്രളയത്തിൽ ഒലിച്ചെത്തിയ മണ്ണ് പുഴയുടെ സ്വാഭാവികതയെ മാറ്റിയിരിക്കുന്നുവെന്നും അവരുടെ പഠനം തെളിയിക്കുന്നു. ജലം നിലനിർത്താൻ ശേഷിയില്ലാത്ത മണൽ ധാരാളമായി മണ്ണുമായി ഇഴചേർന്ന് ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ചാലുകൾ നഷ്ടപ്പെട്ട്, പുഴ തരിശായും കരഭൂമിയായും മാറിക്കഴിഞ്ഞു. ഇതാണു പ്രളയശേഷമുള്ള ഭാരതപ്പുഴയുടെ സുപ്രധാന മാറ്റം. സംസ്ഥാന - കേന്ദ്ര സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച കൈകോർത്ത് നിളയെ വീണ്ടെടുക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണം. കേവലം ആസൂത്രണത്തിൽ മാത്രം ഒതുങ്ങാതെ അവയെല്ലാം യഥാസമയം നടപ്പാക്കുകയും കാലാകാലങ്ങളിൽ വിലയിരുത്തലുകളും വേണം. എങ്കിൽ മാത്രമേ നിള എന്ന സംസ്കൃതിയെ ജീവനറ്റുപോകാതെ കാത്തുസൂക്ഷിക്കാനാകൂ.