waste
മുതലമട ഇടുക്കുപാറ ഊർ കളം ക്കാട്ടിൽ വച്ച് നാട്ടുകാരും ആർ.അലൈരാജും പൊലീസും ചേർന്ന് പിടികൂടിയ അഴുകിയ അറവുശാല മാലിന്യം.

 പഞ്ചായത്തംഗം ആർ.അലൈരാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ മാലിന്യ വണ്ടി തടഞ്ഞു.

 2 ടണ്ണിലധികം അഴുകിയ അറവുശാല മാലിന്യം.

മുതലമട: അന്യജില്ലകളിലെ അറവുശാലകളിലെ അഴുകിയ മാലിന്യം ഉൾപ്പെടെയുള്ള ടൺകണക്കിന് ജൈവ അജൈവ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി മുതലമട പഞ്ചായത്ത്. ഇരുട്ടിന്റെ മറവിൽ ആണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പഞ്ചായത്തംഗം ആർ.അലൈരാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞദിവസം അഴുകിയ അറവുശാല മാലിന്യവുമായി വന്ന വണ്ടി തടഞ്ഞു. തുടർന്ന് കൊല്ലങ്കോട് പൊലീസിനെ വിവരം അറിയിച്ച് ഡ്രൈവറെയും മാലിന്യവണ്ടിയും കസ്റ്റഡിയിലെടുത്തു. എറണാകുളം ഭാഗത്തു നിന്നുള്ള വണ്ടിയിൽ ആഴ്ചകൾ പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന അറവുശാല മാലിന്യങ്ങളാണ് മുതലമടയിലെ ഇടുക്കുപാറ ഊർകളം കാട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. ഈ മാസം രണ്ടിനും ഇവിടെനിന്ന് മാലിന്യ വണ്ടികൾ പിടികൂടിയിരുന്നു. 50 ടണ്ണിൽ അധികം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് തോട്ടത്തിൽ അനധികൃതമായി കത്തിച്ചത്. ആരോഗ്യവകുപ്പും പൊലീസും കർശന നടപടികൾ സ്വീകരിക്കാത്തതാണ് മുതലമടയിലേക്ക് മാലിന്യ വണ്ടികൾ എത്താൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജയ്സൺ ജോർജ് (54) ആണ് ഡ്രൈവർ. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മാലിന്യം തള്ളൽ ആവർത്തിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് എന്ന് നാട്ടുകാർ പറഞ്ഞു.

മുതലമട മാലിന്യഹബ്ബായി മാറി തുടങ്ങി. അന്യ ജില്ലകളിലെ മാലിന്യം നിക്ഷേപിക്കാൻ ഒരിക്കലും സമ്മതിക്കില്ല. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. പൊലീസ് കർശന നിയമ നടപടികൾ സ്വീകരിക്കണം. എന്നാൽ മാത്രമേ ഇതിന് അറുതിയുണ്ടാവുകയുള്ളു.

ആർ.അലൈരാജ്, മുതലമട പഞ്ചായത്ത് അംഗം.


അന്യ ജില്ലകളിലെ മാലിന്യം നിക്ഷേപിക്കുന്നത് മൂലം കടുത്ത വിപത്താണ് പഞ്ചായത്ത് നേരിടാൻ പോകുന്നത്. ഇതിനെതിരെ കർശന നടപടികൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവും.

ഇ.കെ.ഗണേഷ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം.