fire
വെള്ളിയാഴ്ച കഞ്ചിക്കോട് കുരുടിക്കാട് നരകംപുള്ളി പുഴക്ക് സമീപത്തെ കുറ്റിക്കാടിൽ ഉണ്ടായ തീപിടിത്തം

കഞ്ചിക്കോട്: വാളയാർ കഞ്ചിക്കോട് മേഖലകളിൽ കാട്ടുതീ പടരുന്നത് ഭീതി ഉയർത്തുന്നു. ഇന്നലെ കുരുടിക്കാട് നരകംപള്ളി പുഴക്ക് സമീപം കുറ്റിക്കാട്ടിൽ തീ പടർന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പതിനാലാംകല്ലിലും വട്ടപ്പാറയുടെ സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ തീ പിടിത്തം ഉണ്ടായിരുന്നു. ഇതിന് പുറമെ ചെറിയ തോതിലുള്ള നിരവധി അഗ്നിബാധകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഏക്കറ് കണക്കിന് സ്ഥലത്ത് ചെറു ചെടികളും പുല്ലുകളും ഉണങ്ങി നിൽക്കുന്നതിനാൽ ചെറിയൊരു തീപ്പൊരി വീണാൽ തീ ആളിപടരുന്ന സ്ഥിതിയാണ്. ഇതിനിടയിൽ നിൽക്കുന്ന വൻ മരങ്ങളും കത്തിനശിക്കും. കഞ്ചിക്കോട് അഗ്നിശമന വിഭാഗം കാര്യക്ഷമമായി ഇടപെടുന്നത് കൊണ്ട് മാത്രമാണ് അപായങ്ങൾ ഒഴിവാകുന്നത്. സർക്കാർ വനത്തിന് പുറമെ നിരവധി കുറ്റിക്കാടുകൾ കൂടിയുള്ള പ്രദേശമാണിത്.

 അപകടകാരണം അശ്രദ്ധ

തീപ്പെട്ടികൊള്ളിയും സിഗരറ്റ് ബീഡി കുറ്റികളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തീപിടിത്തത്തിന്റെ പ്രധാന കാരണം. മാലിന്യം കത്തിക്കുന്നതും തീ പിടിത്തത്തിന് കാരണമാകുന്നുണ്ട്. 'കരി' എടുക്കാൻ വേണ്ടി വനത്തിനകത്ത് നുഴഞ്ഞ് കയറി മരങ്ങൾക്ക് തീ ഇടുന്നവരുമുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്ന 'കരി'ക്ക് ഉയർന്ന വില ലഭിക്കുന്നതിനാൽ മരങ്ങൾക്ക് തീയിട്ട് കരിയെടുക്കാൻ നിരവധി പേർ എത്തുന്നുണ്ട്. വേനൽച്ചൂട് കൂടുന്നതോടെ അഗ്നിബാധയുടെ തോതും ഉയരും. മുൻ വർഷങ്ങളിലെ അനുഭവം അതാണ്. രണ്ട് വർഷം മുമ്പ് വനമേഖലയിലുണ്ടായ തീപിടുത്തം ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ദിവസങ്ങളോളം തീ ആളിപ്പടർന്നു. ഒരാഴ്ച്ച കൊണ്ടാണ് വനപാലകരും അഗ്നിശമനാ വിഭാഗവും നാട്ടുകാരും ചേർന്ന് തീ അണച്ചത്. അന്നത്തെ തീപിടിത്തത്തിൽ വലിയ തോതിൽ ജൈവസമ്പത്ത് കത്തിനശിച്ചു. നിരവധി അപൂർവ്വ ഇനം മൃഗങ്ങളും പാലായനം ചെയ്തു. അതിന് ശേഷം അഗ്നിബാധ തടയാൻ വനപാലകരും അഗ്നിശമന സേനാവിഭാഗവും നല്ല ജാഗ്രത പുലർത്തുന്നുണ്ട്. എങ്കിലും പതിവായി ഉണ്ടാകുന്ന തീപിടിത്തം ഈ മേഖലയിൽ വലിയ ഭീതി വിതച്ചിരിക്കുകയാണ്. കുറ്റിക്കാടുകളിൽ കത്തിയുയരുന്ന തീ ജനവാസ മേഖലകളിലേക്ക് പടർന്നാൽ വലിയ ദുരന്തമായിരിക്കും ഫലം.