പാലക്കാട്: പട്ടികവർഗ വിഭാഗക്കാർക്കിടയിൽ മലയാള ഭാഷാപഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനായി കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ പ്രത്യേകപദ്ധതി വരുന്നു. നാലാംക്ലാസ് വിദ്യാർത്ഥികൾക്കായാണ് പദ്ധതി തയ്യാറാക്കുന്നത്. ഗോത്രകഥകളിലൂടെയും കളിചിരികളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മലയാളഭാഷാപഠനം സാധ്യമാക്കുന്നതാണ് രീതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആറ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്) ജനുവരിയിൽ പദ്ധതി തുടങ്ങും.
ഗോത്രസംസ്‌കാരത്തിലും ഗോത്രഭാഷയിലും ഇണങ്ങിജീവിക്കുന്ന കുട്ടികളിൽ പലർക്കും മലയാളം അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. ഇവരെ യു.പി ക്ലാസുകളിലെത്തും മുൻപേ അക്ഷരങ്ങൾ പഠിപ്പിക്കുകയും വാക്കുകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം.
പഠനം 40 മിനിറ്റ് വീതം
പാലക്കാട് മലമ്പുഴ, വയനാട് നൂൽപ്പുഴ, തിരുനെല്ലി, കാസർകോട് കുണ്ടംകുഴി, തിരുവനന്തപുരം കുറ്റിച്ചാൽ, ഞാറനീലി എന്നീ എം.ആർ.എസുകളിലാണ് പഠനം സാധ്യമാക്കുക. ഗോത്രസംസ്‌കാരവും കാടുമായി ബന്ധപ്പെട്ടുള്ള കഥകൾ, പാട്ടുകൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, കളികൾ, ദൃശ്യങ്ങൾ എന്നിവയെല്ലാം പ്രത്യേക ആശയങ്ങളാക്കി സംയോജിപ്പിച്ച് കുട്ടികളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കും. പിന്നീട് അവ കുട്ടികളുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി, ചിന്തയ്ക്കും കളിക്കും ഊന്നൽനൽകിയാണ് അക്ഷരങ്ങൾ പഠിപ്പിക്കുക. ഗോത്രമേഖലകളിലെ അഭ്യസ്തവിദ്യരെ ഉൾപ്പെടുത്തി ചെറുനാടകങ്ങളും തയ്യാറാക്കും. എം.ആർ.എസുകളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ 40 മിനിറ്റുവീതമാണ് പഠനം.