 
അഗളി: ജില്ല സർവേ സൂപ്രണ്ടും ജില്ല എച്ച്.എസും ചേർന്ന് ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് അട്ടപ്പാടിയിൽ പുഴയിലെ പുറമ്പോക്ക് ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. സർവേ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. അട്ടപ്പാടി താലൂക്കിലെ രഹ്ന ബിജോയുടെ അപേക്ഷയിൽ അഗളി വില്ലേജിലെ സർവേ നമ്പർ 386ൽ പെട്ട 'സർക്കാർ പുറമ്പോക്ക് പുഴ' എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും കൂടെ ചേർത്ത് അപേക്ഷകരുടെ പേരിൽ സബ്ഡിവിഷൻ രേഖ തയാറാക്കിയെന്നാണ് ഫയലിൽ കണ്ടെത്തിയത്. 2024 ആഗസ്റ്റ് 13ന് ഈ നടപടി തള്ളിയ അട്ടപ്പാടി ഭൂരേഖ തഹസിൽദാർ ഇത് ഗുരുതര കുറ്റമായി രേഖപ്പെടുത്തുകയും ചെയ്തു. സർവേയറും ഹെഡ് സർവേയറും ചെയ്ത നടപടികൾ ശരിയാണോ എന്ന് വിശദമായ ഫയൽ/ഫീൽഡ് പരിശോധനയിലൂടെ മാത്രമേ മനസിലാക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
സംഘം രണ്ടാമത് പരിശോധിച്ച ലീലാമണിയുടെ ഫയൽ സർവേയർക്ക് കൈമാറിയതായി രേഖയില്ലെന്ന് കണ്ടെത്തി. അപേക്ഷയിൽ സർവേയർ ഫീൽഡ് പരിശോധന നടത്തിയതായും കുറിച്ചിട്ടില്ല. പക്ഷെ ഹെഡ് സർവേയറും ഡെപ്യൂട്ടി തഹസിൽദാറും ഒപ്പിട്ട പതിച്ച സ്‌കെച്ച് അപേക്ഷക സമർപ്പിച്ചിരുന്നു. അപേക്ഷയിൽ, താലൂക്ക് സർവേയറെ കൊണ്ട് അളന്നുനോക്കി ഭൂരേഖ തയാറാക്കി എന്നും പ്രതിപാദിച്ചിട്ടുണ്ട്. ഈ അപേക്ഷ ലഭിക്കാതെ തന്നെ ഹെഡ് സർവേയർ ഒപ്പിട്ട് സ്‌കെച്ച് കക്ഷിക്ക് ലഭ്യമായത് സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നും പരിശോധിച്ച നബീസയുടെ അപേക്ഷയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിമിതമായ സമയത്തിൽ ലഭ്യമായ രേഖകൾ പരിശോധിച്ചാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.
 തോട് നികത്തി ഭൂമി തരം മാറ്റലും തകൃതി
അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്ലിനടുത്ത് സ്വാഭാവിക നീർച്ചാലുകളും തോടും നികത്തി ഭൂമി തരം മാറ്റുന്നതായി പരാതി. കാവുണ്ടിക്കല്ലിൽ നിന്ന് ഗുളിക്കടവിലേക്കുള്ള പ്രധാന റോഡിനോട് ചേർന്നുള്ള കുന്നിൽ ചെരുവിലെ തോടാണ് നിബന്ധനകൾക്ക് വിരുദ്ധമായി മണ്ണിട്ട് നികത്തുന്നത്. കനത്ത വേനലിലും സമൃദ്ധമായിരുന്ന തോടാണ് കരയായി മാറുന്നത്. അവധി ദിവസങ്ങളിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള നികത്തൽ. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പ്രവർത്തനമെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
അനുമതി നൽകരുതെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ഭരണസമിതിയും ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ലെന്നും ജൈവ വൈവിധ്യ സമിതി കൺവീനർ പറഞ്ഞു. തോട് നികത്തുന്നതിൽ ജൈവ വൈവിധ്യ ബോർഡിന് പരാതി നൽകുമെന്ന് നാട്ടുകാരും പരിസ്ഥിതി സംഘടനകളും അറിയിച്ചു.