
പാലക്കാട്: ജില്ലയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്തത് 4391 കേസുകൾ. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് കൂടുതൽ കേസുകൾ, 2340. അനധികൃത വാഹന പാർക്കിംഗിന് 1060 കേസുകളും രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിക്കൽ - 313, അപകടകരമായ വാഹനം ഓടിക്കൽ 215, അമിത വേഗത, 195, ഇരുചക്ര വാഹനത്തിൽ മൂന്നുപേരായുള്ള യാത്ര 141, അമിത ഭാരം - 90 ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ 37 എന്നിങ്ങനെയാണ് മറ്റ് കേസുകൾ. വരും ദിവസങ്ങളിലും ശക്തമായ വാഹന പരിശോധന തുടര്ഴന്ന് വരുന്നതായിരിക്കും.
വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പിന്റെ മൂന്ന് ടീമും ജില്ലയിലെ 35 സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് വാഹന പരിശോധന നടത്തുന്നത്. ഇതുകൂടാതെ നാല് ഹൈവേ വാഹനങ്ങൾ, ഇന്റർ സെപ്റ്റർ വാഹനം, നാലു കൺട്രോൾ റും വാഹനങ്ങൾ, എൻ.എച്ച് 544 ൽ ലൈൻ ട്രാഫിക്ക് തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി 24 മണിക്കുറും രണ്ട് വാഹനങ്ങളും പെട്രാളിംഗ് നടത്തുന്നുണ്ട്.