അലനല്ലൂർ: നേന്ത്രക്കായ വില ഉയരുമ്പോഴും ഗുണം കിട്ടാതെ പാലക്കാട് ജില്ലയിലെ കർഷകർ വലയുന്നു. കിലോയ്ക്ക് 45 രൂപ ആയിരുന്ന പച്ച നേന്ത്രക്കുലയുടെ വിലയാണ് 78-80 രൂപയായി വർദ്ധിച്ചത്. രണ്ട് ദിവസമായി 80 രൂപയിൽ തുടർന്നിട്ടും ഇതിന് ആനുപാതികമായി വില കിട്ടാതെ വലയുകയാണ് കർഷകർ. പൊതു വിപണിയിൽ വില കൂടിയിട്ടും നാടൻ നേന്ത്രക്കായയ്ക്ക് 55 രൂപ മാത്രം നൽകിയാണ് കച്ചവടക്കാർ കുല സംഭരിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. മേട്ടുപ്പാളയം നേന്ത്രക്കായ ആണെങ്കിൽ 62 രൂപ വരെ വില കിട്ടും. കൃത്യമായ ഇടവേളകളിൽ മഴ ലഭിച്ചതിനാൽ ജില്ലയിൽ നേന്ത്രവാഴ കൃഷി സജീവമായ വർഷത്തിലാണ് കർഷകന് ഈ തിരിച്ചടി. ശബരിമല സീസൺ ആരംഭിച്ചതോടെയാണ് വില ഉയരാൻ തുടങ്ങിയത്. നിലവിൽ നേന്ത്രക്കായക്ക് നൂറ് രൂപയ്ക്കടുത്താണ് കച്ചവടക്കാരുടെ ചില്ലറ വിൽപന. ഫലത്തിൽ ഗുണം ലഭിക്കുന്നത് കച്ചവടക്കാർക്ക് മാത്രമായിമാറി. ഓണക്കാലത്ത് 50 രൂപ വരെ ആയിരുന്നു നേന്ത്രക്കുലകൾക്ക് കർഷകർക്ക് ലഭിച്ചിരുന്നത്. അതിനു ശേഷം 40 രൂപ യിലേക്ക് ഇടിഞ്ഞിരുന്നു. അവിടെ നിന്നാണ് അപ്രതീക്ഷിതമായി വില 80 രൂപയിലേക്ക് എത്തിയത്. എന്നാൽ ഇതിന്റെ ഗുണം ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ് ജില്ലയിലെ നേന്ത്രവാഴ കർഷകർ. 20 രൂപക്ക് ലഭിക്കുന്ന ഒരു വാഴ വിത്ത് നട്ട് പരിപാലിച്ച് വിളവെടുപ്പിന് പാകമാകുമ്പോൾ ഏകദേശം 150 രൂപ യോളമാണ് ചെലവ്. ഈ സാഹചര്യത്തിൽ വിപണി വിലയ്ക്ക് ആനുപാതികമായി വില ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

മാർക്കറ്റിൽ നേന്ത്രക്കായ വില ഉയരുമ്പോഴും കർഷകന് ആനുപാതികമായ വില ലഭിക്കുന്നില്ല. സർക്കാർ ഇടപെട്ട് ഇതിന് പരിഹാരം കാണണം.

കെ.കമ്മു, നേന്ത്രവാഴ കർഷകൻ, അലനല്ലൂർ