nelliyambathi

നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. മഴ മാറിയതോടെ നിലമൊരുക്കി പ്രത്യേകം വിഭാഗങ്ങളായി തിരിച്ചാണ് ഇത്തവണ ആറേക്കറിലധികം പച്ചക്കറിക്കൃഷി തുടങ്ങിയത്. തരിശായി കിടക്കുന്ന കൂടുതൽ പ്രദേശത്തും ഓറഞ്ച് ചെടികൾക്കിടയിൽ തനിവിളയായും ഇടവിളയായുമാണ് ഇത്തവണ കൂടുതൽ ഭാഗത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നത്. കിഴങ്ങുവർഗങ്ങളും പയറുവർഗങ്ങളിലുമായി 13-ലധികം ഇനം പച്ചക്കറിയാണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്.

പച്ചക്കറിക്കൃഷിയുടെ രീതികളെക്കുറി ച്ച് കർഷകർക്ക് നേരിട്ടറിയാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ആരംഭിച്ച കൃഷിയിൽ വിളവെടുക്കാൻ പ്രായമായ പച്ചക്കറികൾ ഫാമിനുള്ളിലെ വിൽപ്പന കേന്ദ്രംവഴി കൊടുക്കുന്നുണ്ട്. വി.എഫ്.പി.സി.കെ നിശ്ചയിച്ചിട്ടുള്ള വില അടിസ്ഥാനമാക്കിയുള്ള വിൽപ്പനയായതിനാൽ കൂടുതൽപ്പേർ പച്ചക്കറി വാങ്ങാനെത്തുന്നുണ്ട്.

പൂർണമായും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തവണ കൃഷിചെയ്യുന്നത്. ഇസ്രയേൽ മാതൃകയിലുള്ള കൃഷിരീതിയായതിനാൽ കളകീടബാധ കുറയ്ക്കാൻ കഴിയും. ചെടികൾക്കാവശ്യമായവിധത്തിൽ ജലസേചനവും വളപ്രയോഗവും കൃത്യമായി നൽകാനും പരിചരണം നടത്താനും കഴിയും.

പി.സാജിദ് അലി, ഫാം സൂപ്രണ്ട്.

ഫാമിലെ പച്ചക്കറിയിനങ്ങൾ: കാബേജ്, കോളിഫ്ളവർ, ബീൻസ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഗ്രീൻപീസ്, നോൾകോൾ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ഉരുളക്കിഴങ്ങ്, തക്കാ ളി, പച്ചമുളക്, കൂർക്ക, ഉരുളക്കിഴങ്ങ്, ലെറ്റിയൂസ്.

കഴിഞ്ഞവർഷം 17.5 ടൺ

കഴിഞ്ഞവർഷം 17.5 ടൺ പച്ചക്കറിയാണ് ഫാമിൽ ഉത്പാ ദിപ്പിച്ചത്. ഇത്തവണ കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കയും കൂടുതൽ ഇനങ്ങൾ കൃഷിയിറക്കുകയും ചെയ്‌തോടെ 20 ടണ്ണിലധികം വിളവെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഞായറാഴ്ചത്തെ വരുമാനം 1.41 ലക്ഷം രൂപ

ഞായറാഴ്ചയിലെ വരുമാനം ഒരുലക്ഷംരൂപ കവിഞ്ഞു. ഫാം കാണുന്നതിനായി ഏർപ്പെടുത്തിയ പ്രവേശനഫീസും ഫാമിലെ മൂല്യവർധിത ഉത്പന്നങ്ങളുടെയും പച്ചക്കറിയുടെയും വിൽപ്പനയിലൂടെയും മാത്രം ലഭിച്ചത് 1.41 ലക്ഷം രൂപയാണ്. ക്രിസ്മസ് അവധി അവസാനിക്കുന്ന ഞായറാഴ്ച മാത്രം 2,422 പേരാണ് ഫാം സന്ദർശിച്ചത്.