
പാലക്കാട്: ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആഘോഷങ്ങൾക്കിടയിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ജില്ലാ പൊലീസ് പരിപൂർണ സജ്ജരായി. പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കുന്നതിനു മാത്രമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എട്ട് ഡിവൈ.എസ്.പിമാർ, 26 ഇൻസ്പെക്ടർമാർ, 145 എസ്.ഐമാർ, 1225 പൊലീസുകാർ, 92 വനിതാ പൊലീസുകാർ എന്നിവരുൾപ്പെടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുക, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയുക, പൊതുസ്ഥലത്തുള്ള മദ്യപാനം തടയുക, വാഹന പരിശോധന നടത്തുന്നതിന്, അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും പ്രത്യേകം സ്‌ക്വാഡുകർ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ പല ഭാഗങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങളും ഡി.ജെ പാർട്ടികളും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പുമായി പൊലീസ്
ആഘോഷങ്ങളിൽ നിരോധിത മയക്കുമരുന്നുകളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പ്രസ്തുത മേഖലകളിൽ പ്രത്യേക പൊലീസ് വിന്യാസവും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനാധികരികളെ കൂടി പ്രതി ചേർത്ത് നിയമ നടപടികൾ സ്വീകരിക്കും.
മൈക്ക് ഉപയോഗത്തെക്കുറിച്ചും പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ചും ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാറിന്റെയും ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.