
പത്തനംതിട്ട : ഒന്നാം മോദി സർക്കാർ 2018 -19 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാത വികസനത്തിന് വിശദ പദ്ധതി രേഖ (ഡി.പി.ആർ) ഈ മാസം സമർപ്പിക്കും. സ്ഥലം ഏറ്റെടുക്കാനുള്ള സർവേ നമ്പരുകൾ അടക്കമുള്ള പദ്ധതി രേഖ ലഭിക്കാത്തത് പാത വികസനം വൈകിപ്പിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. മുംബയിലെ സ്വകാര്യ കൺസൾട്ടൻസിയാണ് ഡി.പി.ആർ തയ്യാറാക്കുന്നത്.
ഡി.പി.ആർ സമർപ്പിച്ചാൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരുകൾ ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണം. തുടർന്ന് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകി തർക്കങ്ങൾ പരിഹരിക്കണം. ഇതിന് രണ്ടുവർഷത്തോളം വേണമെന്ന് ദേശീയപാത അധികൃതർ പറയുന്നു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയുടെ അലൈൻമെന്റ് ഇടയ്‌ക്കിടെ മാറ്റിയതിനാലാണ് ഡി.പി.ആർ വൈകിയത്. റോഡിനും ബൈപ്പാസിനും പ്രഖ്യാപിച്ച വീതി പ്രാദേശിക എതിർപ്പ് കാരണം കുറയ്ക്കേണ്ടിവന്നു.
മൂന്ന് ജില്ലകളിലൂടെ
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ തുടങ്ങി പത്തനംതിട്ട ജില്ലയിൽ അടൂർ, തട്ട പത്തനംതിട്ട, കോട്ടയം ജില്ലയിലെ എരുമേലി വഴി മുണ്ടക്കയത്ത് അവസാനിക്കും.
വീതി കുറച്ചു
30 മീറ്റർ വീതിയിൽ നാല് വരി ബൈപ്പാസ് ആണ് വിഭാവനം ചെയ്‌തത്. സ്ഥലം ഏറ്റെടുപ്പിന് തടസമുണ്ടാകാതിരിക്കാൻ 18 മീറ്റർ വീതിയിൽ രണ്ടുവരിയായി കുറച്ചു. പുതുക്കിയ അലൈൻമെന്റ് പൂർത്തിയായി.
ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത
നീളം : 116 കിലോമീറ്റർ
വീതി : 16 മീറ്റർ, രണ്ടുവരി പാത
ബൈപ്പാസുകൾ : 18 മീറ്റർ, രണ്ടുവരി
2018-19ൽ അംഗീകരിച്ച ചെലവ് :1600 കോടി
ഡി.പി.ആർ ഈമാസം ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കും.
ദേശീയപാത അതോറിറ്റി