ragesh
രാഗേഷ് കൃഷ്ണൻ

അടൂർ : " കളം @ 24 " സ്ക്രീനിൽ തെളിഞ്ഞ ഈ സിനിമ പേരിന് പിന്നിൽ രോഗത്തിന് മുന്നിൽ തോൽക്കാൻ മനസില്ലാത്ത ഒരു യുവാവിന്റെ മനസും അർപ്പണവുമുണ്ട്. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ, സെറിബ്രൽ പാൾസി ബാധിതൻ. രാഗേഷ് സംവിധാനം ചെയ്‍ത ആദ്യ ചിത്രം കഴിഞ്ഞ ദിവസം തീയേറ്റർ റിലീസായി. ഫാന്റസി ഡ്രാമ വിഭാഗത്തിലുള്ള സസ്പെൻസ് ത്രില്ലറാണ് സിനിമ. കഥയും തിരക്കഥയും സംഭാഷണവും രാഗേഷ് തന്നെയാണ്. സിനിമ തീയേറ്ററിലെത്തിക്കുവാൻ പ്രതിസന്ധികൾ നേരിട്ടപ്പോൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ കണ്ടു. മന്ത്രിയുടെ പിന്തുണയോടെയാണ് സിനിമ തീയേറ്ററിൽ എത്തിയത്.

ജന്മനാ ഉണ്ടായതാണ് രാഗേഷിന് സെറിബ്രൽ പാൾസി രോഗം. ഇപ്പോൾ മുപ്പത്തി അഞ്ചു വയസായി. ചെറുപ്പത്തിൽ ധാരാളം ചികിത്സകൾ നടത്തിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. സംസാരിക്കുമ്പോൾ കഴുത്തിന്റെ ഞരമ്പിൽ പിടിത്തം ഉള്ളതാണ് പ്രധാന പ്രശ്‌നം. ഒപ്പം കേൾവിക്കുറവും. എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കാണുക എന്നത് മാത്രമാണ് രാഗേഷിന്റെ സിനിമയുമായുള്ള ബന്ധം.

കുരമ്പാല തെക്ക് കാർത്തിക ഭവനിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും രമാ ആർ.കുറുപ്പിന്റെയും മകനാണ് രാഗേഷ്. സഹോദരീ ഭർത്താവായ രഞ്ജിത് പനയ്ക്കൽ, സുൾഫിക്കർ ഇബ്രാഹിം, സതീഷ് ചന്ദ്രൻ, പ്രേം പന്തളം, ബിഞ്ചു എന്നിവരാണ് സംവിധാന രംഗത്ത് രാഗേഷിന്റെ സഹായികൾ.

സിനിമ എന്ന സ്വപ്നം

സിനിമയിലേക്കുള്ള വഴിയിൽ നാല് ടെലിഫിലിമുകളും 5 സംഗീത ആൽബവും രാഗേഷ് സംവിധാനം ചെയ്‌തു. ആദ്യം സിനിമാ ഷൂട്ടിങ്ങിനുപയോഗിക്കുന്ന അത്യാധുനിക ക്യാമറ യൂണിറ്റ് സ്വന്തമാക്കി. സിനി ഹൗസ് എന്ന പേരിൽ ഫിലിം പ്രൊഡക്‌ഷൻ കമ്പനി പന്തളത്ത് തുടങ്ങി. സ്വന്തം പണവും കൂട്ടുകാർ സഹായിച്ചതും, സി എം കെ പ്രൊഡക്ഷൻസ് എന്നൊരു കോ പ്രൊഡ്യൂസറും ചേർന്നായിരുന്നു സിനിയുടെ നിർമ്മാണം. സിനിമയ്ക്ക് വേണ്ടി അലഞ്ഞ ആദ്യ കാലങ്ങളിൽ പണമില്ലാതെ സ്വന്തം ഷർട്ട് ഊരി വിരിച്ച് പിച്ച എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു.