
പത്തനംതിട്ട : സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകി താമസമൊരുക്കിയിരുന്ന നഗരത്തിലെ ഷീ ലോഡ്ജിൽ നിരക്ക് വർദ്ധിപ്പിച്ചത് നിരവധി വനിതകളെ ബുദ്ധിമുട്ടിലാക്കി. മുൻപ് 4000 രൂപ ആയിരുന്നു ഒരു മാസം താമസത്തിനും ഭക്ഷണത്തിനും ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 5,500 രൂപയായി വർദ്ധിപ്പിച്ചു. നഗരത്തിലെ മറ്റ് സ്വകാര്യ ഹോസ്റ്റലുകളിലും സമാനമായ തുകയാണുള്ളത്. ഷീ ലോഡ്ജിലെ താമസക്കാർ നിർബന്ധമായും ഇവിടുത്തെ ഭക്ഷണം കഴിക്കണമെന്ന നിബന്ധനയും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് തയ്യാറാകാത്തവർ ലോഡ്ജ് വിട്ടുപോകാനും നിർദേശം നൽകി.
നിരക്ക് കുറവാണെന്ന കാരണത്താലാണ് ഷീ ലോഡ്ജ് പലരും ഉപയോഗപ്പെടുത്തുന്നത്.
വിദ്യാർത്ഥികൾക്കും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും നിരക്ക് വർദ്ധന വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. പതിനായിരം രൂപയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകൾ വേതനത്തിന്റെ പകുതിയും ഹോസ്റ്റൽ ഫീസായി നൽകേണ്ടിവരും. കോളേജ് വിദ്യാർത്ഥികൾ , സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, നഗരസഭ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഇവിടെ താമസിക്കുന്നുണ്ട്. ലോഡ്ജിലെ ഭക്ഷണം കഴിക്കാതെ റൂം വാടക മാത്രം നൽകി താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
തുണിതേക്കാൻ പൊതുയിടം
വൈദ്യുതി ബില്ല് കുറയ്ക്കാനായി വസ്ത്രങ്ങൾ തേക്കാൻ പൊതുമുറി എന്ന നിർദേശം അധികൃതർ മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ത്രീപിൻ പ്ലഗ് മുറികളിൽ നിന്ന് ഒഴിവാക്കും. അതേസമയം ഇത് ഫോൺ ഉപയോഗിക്കുന്ന വനിതകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. കറണ്ട് ബില്ല് പതിനായിരം രൂപയോളം ആകുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് അധികൃതർ പറയുന്നത്.
ഷീ ലോഡ്ജ്
രണ്ടുനിലയുള്ള കെട്ടിടത്തിൽ, മൂന്ന് മുറി താഴെയും നാല് മുറി മുകളിലും.
ഓരോ മുറിയിലും മൂന്നും നാലും താമസിക്കാർ.
നഗരത്തിലെത്തുന്ന വനിതകൾക്ക് ഒരുരാത്രി താമസിക്കാൻ പറ്റുന്ന
ഇടമായി കൂടിയാണ് ഷീ ഹോസ്റ്റൽ ആരംഭിച്ചത്.
ഒരു മാസത്തെ വാടക
മുമ്പ് : 4000 രൂപ
ഇപ്പോൾ : 5,500 രൂപ
സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ
ചെലവ് അധികമാകുന്നതിനാലാണ് നിരക്ക് കൂട്ടുന്നത്. വിശദമായ പരിശോധ നടത്തി തീരുമാനം എടുക്കും.
നഗരസഭാ അധികൃതർ