മല്ലപ്പള്ളി: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (കപ്പ) ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ വിത്തുവേലിചന്ത ജനുവരി 25ന് നടത്താൻ തീരുമാനിച്ചു. കറുത്തവടശ്ശേരികടവ് പാലത്തിന് കിഴക്ക് പച്ചത്തുരുത്തിന് സമീപമാണ് വിത്തു വേലികളുടെ പ്രദർശനവും വില്പനയും.. കന്നുകാലികളുടെ പ്രദർശനവും ഉണ്ടാകും.

കൃഷി, തൊഴിലിനൊപ്പം ഒരു സംസ്കാരം കൂടിയാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക വിളകളുടെ വീണ്ടെടുപ്പു കൂടിയാണ് വിത്തുവേലിചന്തയിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇവിടെ എത്തിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാം. കിഴങ്ങുവിളകൾ, വിവിധയിനം നാടൻ സങ്കരയിനം പച്ചക്കറി വിത്തുകളും തൈകളും, അപൂർയിനം വൃക്ഷങ്ങളുടെ നടീൽ വസ്തുക്കൾ എന്നിവ ലഭിക്കും. രാവിലെ 9.30 മുതൽ 12.30വരെയാണ് ചന്തയുടെ പ്രവർത്തനം. ആലോചനാ യോഗത്തിൽ പ്രസിഡന്റ് സി.കെ.മത്തായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലെജു ഏബ്രഹാം ഭാരവാഹികളായ വിജോയ് പുത്തോട്ടിൽ, സതീഷ് ഏബ്രഹാം, ടിജോ ജോസഫ്, പി. ബി. സജി കുമാർ, റെജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.