പത്തനംതിട്ട: കലയും സാഹിത്യവുമായുള്ള ബന്ധം രാഷ്ട്രീയ പ്രവർത്തകരെ കൂടുതൽ സാംസ്കാരിക സമ്പന്നരാക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പത്തനംതിട്ട ദേശത്തുടിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒപ്പരം സർഗ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്തെ രാഷ്ട്രീയ രംഗം കലയും സാഹിത്യവുമായി ബന്ധപ്പെട്ടിരുന്നു. എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കിയ നേതാക്കളുണ്ടായിരുന്നു. ആധുനികമായ ജീവിത സാഹചര്യങ്ങളിൽ പഴയ നന്മകൾ അപ്രത്യക്ഷമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനു ജി.തമ്പി മോഡറേറ്ററായിരുന്നു. സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ, ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ എന്നിവർ സംസാരിച്ചു.