
ശബരിമല : സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അന്നദാനമണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേർക്ക്. സന്നിധാനത്ത് 2.60 ലക്ഷം തീർത്ഥാടകർക്കും നിലയ്ക്കലിൽ 30,000 പേർക്കും പമ്പയിൽ 62,000 പേർക്കും സൗജന്യമായി ഭക്ഷണം നൽകി.
അന്നദാനമണ്ഡപങ്ങളിലൂടെ ദിവസം മൂന്നുനേരമാണ് ഭക്ഷണം. രാവിലെ 6.30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണം. 11.45 മുതൽ വൈകിട്ട് നാലുവരെയാണ് ഉച്ചഭക്ഷണം. വൈകിട്ട് 6.30 മുതൽ അർദ്ധരാത്രിവരെ നീളുന്നതാണ് രാത്രിഭക്ഷണ സമയം. ഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നു. പാചകശാലയിലും വിതരണഹാളിലും വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കാൻ വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 200 പേരാണ് സന്നിധാനത്ത് അന്നദാനമണ്ഡപത്തിൽ ജോലിയിലുള്ളത്. പമ്പയിൽ 130 പേർക്കും സന്നിധാനത്ത് 1000പേർക്കും നിലയ്ക്കലിൽ 100 പേർക്കും ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാനാകും.
തീർത്ഥാടകർക്ക് സുഗമമായി മൂന്നുനേരവും വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം നൽകാൻ സാധിക്കുന്നു. ഭക്തരുടെ അകമഴിഞ്ഞ പിന്തുണ അന്നദാനത്തിന് ഉണ്ടാവണം.
എസ്.ശ്രീനിവാസ്,
അന്നദാനം സ്‌പെഷ്യൽ ഓഫീസർ