 
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഡ്രയിനേജ് മാനേജ്‌മെന്റ് പ്ലാൻ രൂപീകരിക്കും. ഇതിനായി ഡ്രോൺ ഉപയോഗിച്ച് ലിഡാർ സർവെ ആരംഭിച്ചു. നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വിമല ശിവൻ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായത്തോടെയാണ് നഗരത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നത്.
മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 15 വർഷമായി നടന്നുവരുന്ന മാസ്റ്റർ പ്ലാൻ രൂപീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 5 സ്കീമുകൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിരവധി നിർദ്ദേശങ്ങളടങ്ങുന്ന 5 നഗരാസൂത്രണ പദ്ധതികൾക്കാണ് നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ളത്. ആദ്യം പ്രസിദ്ധീകരിച്ചത് കുമ്പഴ സ്കീമാണ്. സെൻട്രൽ ഏരിയ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആൻഡ് സറൗണ്ടിംഗ്, കണ്ണങ്കര എന്നീ സ്കീമുകൾ കൂടി പ്രസിദ്ധീകരിച്ചു. ഈ സ്കീമുകൾ ബാധകമാകാത്ത നഗരത്തിലെ മറ്റു പ്രദേശങ്ങൾക്കാണ് ഇപ്പോൾ മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നത്.
------------------------
1984 മുതൽ നിലവിലുള്ള സ്കീമുകൾ നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ സ്കീമുകളും മാസ്റ്റർപ്ലാനും നിലവിൽ വരുന്നതോടെ നഗര വികസനത്തിന് വലിയ സാദ്ധ്യതകൾ തുറക്കും.
ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ