am

കലഞ്ഞൂർ (പത്തനംതിട്ട): കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് രോഗിയടക്കം എട്ടുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12ന് കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. ഹൃദ്രോഗിയുമായി കോന്നിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പാേയ ആംബുലൻസും എതിർദിശയിൽ പത്തനംതിട്ടയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമെന്നാണ് സൂചന.

ആംബുലൻസിൽ രോഗിക്ക് ഒപ്പമുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. രോഗിയായ അച്ചൻകോവിൽ പ്രജിതാഭവിൽ ഉഷന്ത് കുമാർ (60), ഭാര്യ ശോഭന (56), പത്തനംതിട്ട കൊല്ളശേരിൽ വീട്ടിൽ ബാലൻ (49), ആംബുലൻസ് ഡ്രൈവർ താന്നിനിൽക്കുന്നതിൽ മിഥുൻ (26), കെ.എസ്.ആർ.ടി.സി ഡ്രൈവർ തൊടുപുഴ മൂലക്കാട് ഉപ്പുകുന്ന് കളീലിൽ സിജോ (44), യാത്രക്കാരായ കടമ്മനിട്ട ശാന്തിയിൽ വീട്ടിൽ ശുഭ, പാലക്കാട് മുണ്ടൂർ സ്വദേശി ലത, പുന്നല സ്വദേശി മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.